| Sunday, 29th June 2025, 10:46 pm

അവന് സമയവും പിന്തുണയും നൽകൂ; ഗില്ലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷം ക്യാപ്റ്റൻസി ഏറ്റെടുത്ത ശുഭ്മൻ ഗിൽ നയിച്ച ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ ഇന്നിങ്സിൽ താരം സെഞ്ച്വറി കണ്ടെത്തിയിരുന്നെങ്കിലും ടീമിനെ വിജയിപ്പിക്കാനായിരുന്നില്ല. തോൽവിയ്ക്ക് പിന്നാലെ ഗില്ലിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാലിപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഗില്ലിന്റെ ക്യാപ്റ്റൻസിയെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നായകന് ഒരുപാട് സമയവും പിന്തുണയും നൽകണമെന്നും താരങ്ങളെ വെറുതെ വിമർശിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയാണ് ഇത് മുഹമ്മദ് അസ്ഹറുദ്ദീനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.

‘ഇത് ഗില്ലിന്റെ ക്യാപ്റ്റനായുള്ള ആദ്യ മത്സരമായിരുന്നു. അവന്റെ ക്യാപ്റ്റൻസിയെ വിലയിരുത്താനുള്ള സമയമായിട്ടില്ല. നമ്മൾ അവന് ന്യായമായ അവസരം നൽകണം. ഗിൽ ഇപ്പോൾ ടീമിന്റെ ചുമതല ഏറ്റെടുത്തിട്ടേയുള്ളു. അതുകൊണ്ട് അവന് ഒരുപാട് സമയവും പിന്തുണയും നൽകണം. താരങ്ങളെ നമ്മുക്ക് വെറുതെ വിമർശിക്കാനും പരാതിപ്പെടാനും കഴിയില്ല,’ അസ്ഹറുദ്ദീൻ പറഞ്ഞു.

അതേസമയം, ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മൻ ഗില്ലിന് വിജയത്തോടെ തുടങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Mohammad Azharuddin supports Shubhman Gill and urge to give him time

We use cookies to give you the best possible experience. Learn more