| Wednesday, 6th August 2025, 7:29 am

ഗില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുണ്ടാവാം, പക്ഷേ മികച്ചത് മറ്റൊരു താരം: മോയിന്‍ അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കെ. എല്‍ രാഹുലാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം മോയിന്‍ അലി. ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ രാഹുലിന്റെ കഴിവിനെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലായിരിക്കാം കൂടുതല്‍ റണ്‍സെടുത്തത്. പക്ഷേ, എനിക്ക് മികച്ചതായി തോന്നുന്നത് രാഹുലാണ്. അവന്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു,’ മോയിന്‍ പറഞ്ഞു.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ മിന്നും പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പകരം ഈ സ്ഥാനത്ത് എത്തിയായിരുന്നു താരത്തിന്റെ പ്രകടനം. പരമ്പരയിലെ മിക്ക മത്സരങ്ങളിലും മറ്റൊരു ഓപ്പണറായ യശസ്വി ജെയ്സ്വാളിന് ഒപ്പം ചേര്‍ന്ന് ഇന്ത്യയുടെ ബാറ്റിങ്ങിന് അടിത്തറയൊരുക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളിലെ പത്ത് ഇന്നിങ്സുകളില്‍ നിന്നായി രാഹുല്‍ 532 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

പരമ്പരയില്‍ 53.20 ആവറേജിലും 49.90 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു രാഹുലിന്റെ ബാറ്റിങ്. ഈ പ്രകടനത്തോടെ ഇന്ത്യയുടെ റണ്‍ വേട്ടക്കാരില്‍ രണ്ടാമതെത്താനും പരമ്പരയില്‍ തന്നെ മൂന്നാമതെത്താനും വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചു.

അതേസമയം, അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പര സമനിലയിലാണ് അവസാനിച്ചത്. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയതോടെയാണ് 2 -2 എന്ന നിലയില്‍ ഇരു ടീമുകളും പിരിഞ്ഞത്.

രണ്ടാം മത്സരവും അഞ്ചാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒന്നും മൂന്നും ടെസ്റ്റിലായിരുന്നു വിജയിച്ചത്. നാലാം മത്സരം സമനിലയാവുകയായിരുന്നു.

Content Highlight: Ind vs Eng: Moeen Ali praises KL Rahul that he was best in Test series against England

We use cookies to give you the best possible experience. Learn more