| Monday, 14th July 2025, 8:06 pm

ഇന്ത്യ തോറ്റാല്‍ അവന്റെ സമയം അവസാനിച്ചു എന്ന് കരുതാം; തുറന്നടിച്ച് വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ കരുണ്‍ നായരിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കരുണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.

ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിച്ചെങ്കിലും കാര്യമായ പ്രകടനമൊന്നും തന്നെ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വോണ്‍ താരത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നത്.

‘ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ കരുണ്‍ നായരിനെ സംബന്ധിച്ച് കാര്യങ്ങള്‍ നന്നായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ പരാജയപ്പെട്ടാല്‍, അവന്റെ സമയം അവസാനിച്ചുവെന്ന് വേണം കരുതാന്‍. അതാണ് പതിവ്. ഇന്ത്യ പരാജയപ്പെട്ടാല്‍ ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ കീറി മുറിച്ച് വിശകലനം ചെയ്യപ്പെടും

ഇനി ഇംഗ്ലണ്ടാണ് പരാജയപ്പെടുന്നതെങ്കില്‍ ഇംഗ്ലണ്ട് ടീമിലെ രണ്ട് മൂന്ന് താരങ്ങളെ കുറിച്ചും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്,’ വോണ്‍ വ്യക്തമാക്കി.

മൈക്കല്‍ വോണ്‍

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കരുണിന് സാധിച്ചിരുന്നില്ല. 33 പന്ത് നേരിട്ട് 14 റണ്‍സുമായാണ് താരം മടങ്ങിയത്.

അതേസമയം, ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ഇതിനോടകം എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയിലാണ് ഏക പ്രതീക്ഷ.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഓപ്പണര്‍ മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ കരുണ്‍ നായരിനെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ടിനും ആതിഥേയര്‍ ആയുസ് നല്‍കിയില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ കരുണ്‍ നായരിനെ മടക്കി ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ട് പൊളിച്ചു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ ആറ്) ബ്രൈഡന്‍ കാര്‍സും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ (11 പന്തില്‍ ഒന്ന്) ബെന്‍ സ്റ്റോക്‌സും പുറത്താക്കിയതോടെ ഇന്ത്യ 58/4 എന്ന നിലയില്‍ നാലാം ദിവസം അവസാനിപ്പിച്ചു.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. റിഷബ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പിന്നാലെ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 39 റണ്‍സിനാണ് രാഹുല്‍ പുറത്തായത്. വാഷിങ്ടണ്‍ സുന്ദറിനെ ജോഫ്രാ ആര്‍ച്ചര്‍ ഒരു കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്.

Content Highlight: IND vs ENG: Michael Vaughn about Karun Nair

Latest Stories

We use cookies to give you the best possible experience. Learn more