പ്രഥമ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിലെ ഹീഡിങ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. യശസ്വി ജെയ്‌സ്വാൾ, ക്യാപ്‌റ്റൻ ശുഭ്മൻ ഗിൽ എന്നിവരുടെ ‘ഇരട്ട’ സെഞ്ച്വറിയാണ് ഇന്ത്യയെ ആദ്യ ദിനം തന്നെ മികച്ച നിലയിലെത്തിച്ചത്.
നിലവിൽ ക്യാപ്റ്റൻ ഗില്ലും വൈസ് ക്യാപ്റ്റൻ റിഷബ് പന്തുമാണ് ക്രീസിലുള്ളത്. പന്ത് 102 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 65 റൺസുമായാണ് കളിയിൽ തുടരുന്നത്. അതേസമയം, ഇന്ത്യൻ ക്യാപ്‌റ്റൻ സെഞ്ച്വറി നേടിയാണ് കരുത്ത് കാട്ടുന്നത്.
ഗിൽ ഇതുവരെ 175 പന്തുകൾ നേരിട്ട് 127 റൺസെടുത്തിട്ടുണ്ട്. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്യാപ്‌റ്റൻ ആവാൻ ഗില്ലിന് സാധിച്ചിരുന്നു.
ഇപ്പോൾ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ. റോൾസ് റോയ്‌സ് പോലെ ശുദ്ധമായതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഫോർവേഡ് ഡിഫൻസായിരുന്നു ഇന്ത്യയുടെ ആദ്യ ദിവസത്തെ ഹൈലൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റോൾസ് റോയ്‌സ് പോലെ ശുദ്ധമായതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. അതിനേക്കാൾ നന്നായി കളിക്കാൻ അവന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അവന്റെ ഫോർവേഡ് ഡിഫൻസായിരുന്നു ഇന്ത്യയുടെ ആദ്യ ദിവസത്തെ ഹൈലൈറ്റ്. ഗില്ലിന്റെ ഡ്രൈവുകളും കട്ട് ഷോട്ടുകളും മികച്ചതായിരുന്നു. ലീഡ്‌സിൽ ഇന്ത്യയ്ക്ക് ഇത് പെർഫെക്ട് ദിവസമായിരുന്നു,’ വോൻ പറഞ്ഞു.
നേരത്തെ, ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുലാണ് ആദ്യം പുറത്തായത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായ്.
വിക്കറ്റുകൾ വീണപ്പോഴും ക്രീസിൽ തുടർന്ന ജെയ്‌സ്വാൾ നാലാം നമ്പറിൽ എത്തിയ ക്യാപ്‌റ്റൻ ഗില്ലുമായി 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉയർത്തി. ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ബെന്‍ സ്‌റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ച് ജെയ്‌സ്വാൾ മടങ്ങി. 158 പന്ത് നേരിട്ട് 16 ഫോറും ഒരു സിക്‌സറുമടക്കം 101 റണ്‍സെടുത്തതായിരുന്നു താരത്തിന്റെ മടക്കം.
Content Highlight: Ind vs Eng: Michael Vaughan talks about Shubhman Gill’s innings