ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി നായകൻ ശുഭ്മൻ ഗിൽ മിന്നും പ്രകടനം നടത്തിയിരുന്നു. താരത്തിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിൽ രണ്ടാം ദിനം 587 എന്ന വലിയ സ്കോർ പടുത്തുയർത്തിയിരുന്നു.
ഗിൽ 387 പന്തുകൾ നേരിട്ട് 269 റൺസാണ് എഡ്ജ്ബാസ്റ്റണിൽ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്. ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ, സേന രാഷ്ട്രങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ എന്നീ തുടങ്ങിയ നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ ഗില്ലിന്റെ ആവറേജ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര അവസാനിക്കുമ്പോൾ വലിയ രീതിയിൽ ഉയരുമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം താരത്തിന്റെ ശരാശരി 45 ആയി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തുമെന്നും കൂടുതൽ റൺസ് നേടുമെന്നും വോൺ കൂട്ടിച്ചേർത്തു.
‘ഗില്ലിനെ പോലെ ഒരു മികച്ച താരത്തിന് 35 ആവറേജ് വളരെ ചെറുതാണെന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ അവന്റെ കരിയറിന്റെ അവസാനത്തേക്ക് ആവും ശരാശരി 45 ആവുകയെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഞാൻ അതിപ്പോൾ മാറ്റി പറയുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം അവന്റെ ശരാശരി 45 ആയി ഉയരും.
ഗില്ലിന് മികച്ച ടെക്‌നിക്കും വിവിധ താരത്തിനുള്ള ഷോട്ടുകൾ കളിക്കാനുമറിയാം. ലീഡ്‌സിലെ ടെസ്റ്റിന് ശേഷം അവൻ മികച്ച പ്രകടനമാണ് നടത്തുന്നത്. അടുത്ത മത്സരങ്ങളിലും അവൻ കൂടുതൽ റൺസ് നേടും,’ വോൺ പറഞ്ഞു.
മത്സരത്തിൽ നായകന് പുറമെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രവീന്ദ്ര ജഡേജയും ഓപ്പണർ യശസ്വി ജെയ്‌സ്വാളും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏഴാമനായി ഇറങ്ങിയ ജഡേജ 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സാണ് നേടിയത്. ജെയ്‌സ്വാൾ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. സുന്ദർ 103 പന്തില്‍ 42 റൺസും എടുത്തു.
നിലവിൽ ഇംഗ്ലണ്ട് അവരുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
Content Highlight: Ind vs Eng: Michael Vaughan predicts that Shubhman Gill will be averaging 45 at end of England series