| Monday, 16th June 2025, 4:29 pm

ഈ താരം ഗില്ലിന്റെ ടീമിലെ പ്രധാനിയാകും; സൂപ്പർ താരത്തിനെ കുറിച്ച് മൈക്കൽ ക്ലാർക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക.

നേരത്തെ തന്നെ ബി.സി.സി.ഐ ഈ പരമ്പരയ്ക്കായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

ഇപ്പോൾ പന്തിനെ ലീഡർഷിപ്പ് റോളുകളിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. പന്തിനെ വൈസ് ക്യാപ്റ്റനാക്കിയത് തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും ശുഭ്മാൻ ഗില്ലിന് അവൻ വളരെ പ്രധാനപ്പെട്ട താരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ്‌ ക്യാപ്റ്റൻസി പന്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും എല്ലാം നല്ല രീതിയിൽ നടന്നാൽ അവർക്ക് ഇരുവർക്കും ഈ സ്ഥാനങ്ങളിൽ ഒരുപാടുകാലം തുടരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേവ് സ്പോർട്സിൽ സംസാരിക്കുകയായിരുന്നു മൈക്കൽ ക്ലാർക്ക്.

‘പന്തിനെ വൈസ് ക്യാപ്റ്റനാക്കിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ശുഭ്മാൻ ഗില്ലിന് അവൻ വളരെ പ്രധാനപ്പെട്ട താരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവർ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇപ്പോൾ പന്തിന് സ്വന്തം കളിയിൽ വളരെ ആത്മവിശ്വാസമുണ്ട്.

വൈസ് ക്യാപ്റ്റൻ സ്ഥാനം ആ ആത്മവിശ്വാസത്തെ ഒന്നുകൂടെ വർധിപ്പിക്കും. എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയും അവർ കളിക്കാൻ ആഗ്രഹിക്കുന്ന ക്രിക്കറ്റ് കളിക്കുകയും ചെയ്താൽ, അവർക്ക് വളരെക്കാലം ഈ സ്ഥാനത്ത് തുടരാനാവും,’ ക്ലാർക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്

Content Highlight: Ind vs Eng: Michael Clarke talks about Rishabh Pant

We use cookies to give you the best possible experience. Learn more