പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.
ജൂലൈ രണ്ടിനാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. എന്നാൽ ഈ മത്സരത്തിൽ ബുംറ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിനായും ജോലി ഭാരം ലഘൂകരിക്കുന്നതിനായും ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളത്തിലിറങ്ങുക എന്ന് നേരത്തെ തന്നെ കോച്ച് ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ഒന്നാം ടെസ്റ്റിൽ ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിങ് വളരെ വ്യത്യസ്തമായിരിക്കുമെന്നും താരത്തിന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്താൻ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ബുംറയെ കളിപ്പിക്കുകയെന്ന റിസ്ക് എടുക്കണമെന്നും നെറ്റ്സിൽ പരിശീലിപ്പിക്കുന്നതിന് പകരം അവൻ വിശ്രമിക്കട്ടെയെന്നും മുൻ ഓസ്‌ട്രേലിയൻ താരം കൂട്ടിച്ചേർത്തു. ബിയോണ്ട്23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒന്നാം ടെസ്റ്റിൽ ബുംറ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിൽ താരം ഒരു പ്രധാന ചർച്ചാ വിഷയമാകും. അവന്റെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിങ് വളരെ വ്യത്യസ്തമായിരിക്കും. ആദ്യ ടെസ്റ്റിൽ ബുംറ ധാരാളം പന്തെറിഞ്ഞു. മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂവെന്നതിനാൽ, ഇന്ത്യ അവന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്.
പരമ്പരയിൽ 2-0 ന് പരാജയപ്പെടാതിരിക്കാൻ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ബുംറയെ കളിപ്പിക്കുകയെന്ന റിസ്ക് എടുക്കണം. എന്നിട്ട് പരമ്പര സമനിലയിലാക്കാൻ ശ്രമിക്കണം. മത്സരത്തിന് തയ്യാറെടുക്കാൻ അവൻ വിശ്രമിക്കട്ടെ. നെറ്റ്സിൽ പരിശീലിപ്പിക്കുന്നതിന് പകരം ഫിറ്റ്നസ് നേടുന്നതിൽ ശ്രദ്ധ കൊടുക്കണം,’ ക്ലാർക്ക് പറഞ്ഞു.
Content Highlight: Ind vs Eng: Michael Clarke says that India might have to risk picking Jasprit Bumrah in second test against England