ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക.
നേരത്തെ തന്നെ ബി.സി.സി.ഐ ഈ പരമ്പരയ്ക്കായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.
ഗില്ലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതിൽ പല സീനിയർ താരങ്ങളും ക്രിക്കറ്റ് നിരീക്ഷരും വിമർശനമുന്നയിച്ചിരുന്നു. ഇപ്പോൾ ഗില്ലിന്റെ ക്യാപ്റ്റൻസി മികവിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ശുഭ്മന് അറിയാമെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീനിയർ താരങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
ഇന്ത്യൻ ടീമിനെ നയിച്ച മറ്റു ക്യാപ്റ്റന്മാരെ പോലെ ഗില്ലും കഴിവുള്ളവനാണെന്നും ഇന്ത്യൻ സ്പിന്നർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുൽദീപ് യാദവ്.
‘ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ശുഭ്മന് അറിയാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ സീനിയർ താരങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ടെസ്റ്റിൽ മാത്രമല്ല, ഏകദിനങ്ങളിലും രോഹിത് ഭായിയുമായി അവൻ ഒരുപാട് ചർച്ചകൾ നടത്തിയിട്ടുണ്ട്. ഞാൻ മനസിലാക്കിയടത്തോളം അവൻ വളരെ പ്രചോദിതനും ടീമിന് ഊർജം നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നയാളുമാണ്.
അവൻ മുൻ ഇന്ത്യൻ നായകന്മാരെ പോലെ കഴിവുള്ളവനാണെന്ന് എനിക്ക് ഇവിടെ കളിച്ച കുറച്ച് സെഷനുകളിൽ നിന്ന് മനസിലായി. ഗിൽ ഞങ്ങളെ നയിക്കാൻ പൂർണ സജ്ജനാണ്,’ കുൽദീപ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്
Content Highlight: Ind vs Eng: Kuldeep Yadav talks about Shubhman Gill