ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സന്ദര്‍ശകര്‍ പൊരുതുന്നു. നാലാം ദിവസം അവസാനിക്കുമ്പോള്‍ 137 റണ്‍സിന് പിന്നിലുള്ള ഇന്ത്യ മത്സരം സമനിലയിലാക്കാനുള്ള ശ്രമത്തിലാണ്. ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റിലേതെന്ന പോലെ വിക്കറ്റുകള്‍ വലിച്ചെറിയാതിരുന്നാല്‍ ഇന്ത്യയ്ക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരാജയമൊഴിവാക്കാം.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ: 358 & 172/2 (63)
ഇംഗ്ലണ്ട്: 669
ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെയും സായ് സുദര്‍ശനെയും നഷ്ടപ്പെട്ടിരുന്നു. പൂജ്യത്തിനാണ് ഇരുവരും മടങ്ങിയത്. ജെയ്‌സ്വാളിനെ ജോ റൂട്ടിന്റെ കൈകളിലൊതുക്കിയും സായ് സുദര്‍ശനെ ഹാരി ബ്രൂക്കിന്റെയും കൈകളിലെത്തിച്ച് ക്രിസ് വോക്‌സാണ് മടക്കിയത്.
മൂന്നാം വിക്കറ്റില്‍ കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. രാഹുല്‍ 210 പന്തില്‍ 87 റണ്‍സ് നേടിയും ഗില്‍ 167 പന്തില്‍ 78 റണ്‍സുമായും ക്രീസിലുണ്ട്.
പരമ്പരയില്‍ ഇതിനോടകം തന്നെ രാഹുല്‍ 500 റണ്‍സ് മാര്‍ക്കും പിന്നിട്ടുകഴിഞ്ഞു. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് രാഹുല്‍ പരമ്പരയില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയത്. 137, 42, 55, 2, 39, 100, 46 എന്നിങ്ങനെയാണ് ഇതിന് മുമ്പുള്ള ഏഴ് ഇന്നിങ്‌സുകളില്‍ രാഹുലിന്റെ ടോട്ടല്‍.
ഇതോടെ ഒരു റെക്കോഡും രാഹുല്‍ സ്വന്തമാക്കി. എവേ ടെസ്റ്റുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് രാഹുല്‍ തന്റെ പേരില്‍ കുറിച്ചത്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്താന്‍ സാധിച്ചത്.
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സുനില്‍ ഗവാസ്‌കര്‍ – വെസ്റ്റ് ഇന്‍ഡീസ് – 1971
സുനില്‍ ഗവാസ്‌കര്‍ – ഇംഗ്ലണ്ട് – 1979
കെ.എല്‍. രാഹുല്‍ – ഇംഗ്ലണ്ട് – 2025*
ഇതിനൊപ്പം സേന രാജ്യങ്ങള്‍ക്കെതിരെ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന ഏഷ്യന്‍ ഓപ്പണര്‍ എന്ന റെക്കോഡിലും രാഹുല്‍ രണ്ടാം സ്ഥാനത്തെത്തി. 12 തവണയാണ് രാഹുല്‍ സേന രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റില്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയത്.
(താരം – ടീം – എത്ര 50+ സ്‌കോറുകള്‍ എന്നീ ക്രമത്തില്‍)
സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 19
കെ.എല്‍. രാഹുല്‍ – ഇന്ത്യ – 12*
ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 12
സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 10
വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 10
തമീം ഇഖ്ബാല്‍ – ബംഗ്ലാദേശ് – 10
നേരത്തെ, സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റൂട്ട് 150 റണ്‍സും സ്റ്റോക്സ് 141 റണ്‍സും അടിച്ചെടുത്തു. ബെന്‍ ഡക്കറ്റ് (94 റണ്‍സ്), സാക്ക് ക്രോളി (113 പന്തില്‍ 84 റണ്‍സ്), ഒലി പോപ്പ് (128 പന്തില്‍ 71) എന്നിവരും ടോട്ടലില്‍ കരുത്തായി.
ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ ആര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജ് മുതല്‍ പരിചയ സമ്പന്നരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ളവര്‍ നിരാശപ്പെടുത്തി. ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി. സിറാജും അന്‍ഷുല്‍ കാംബോജും ഓരോ വിക്കറ്റും വീഴ്ത്തി.
Content highlight: IND vs ENG: KL Rahul completed 500 runs in a away Test series