ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു.
മത്സരം ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 78 റണ്‍സ് എന്ന നിലയിലാണ്. 82 പന്തില്‍ 40 റണ്‍സുമായി കെ.എല്‍. രാഹുലും 74 പന്തില്‍ 36 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍ തുടരുന്നത്.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുല്‍ ചില കരിയര്‍ മൈല്‍ സ്റ്റോണുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ സാധിച്ചത്.
മാഞ്ചസ്റ്ററില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് രാഹുല്‍ ഈ റെക്കോഡിലെത്തിയത്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1,575
രാഹുല്‍ ദ്രാവിഡ് – 1,376
സുനില്‍ ഗവാസ്‌കര്‍ – 1,152
വിരാട് കോഹ്‌ലി – 1,096
കെ.എല്‍. രാഹുല്‍ – 1,029*
ഇതിന് പുറമെ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ മുരളി വിജയ്‌യെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും രാഹുലിന് സാധിച്ചു. നിലവില്‍ സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് ഈ റെക്കോഡ് നേട്ടത്തില്‍ രാഹുലിന് മുമ്പിലുള്ളത്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
സുനില്‍ ഗവാസ്‌കര്‍ – 542
കെ.എല്‍. രാഹുല്‍ – 415*
മുരളി വിജയ് – 402
രോഹിത് ശര്‍മ – 368
രവി ശാസ്ത്രി – 336
ഇതിനൊപ്പം തന്റെ കരിയറിലെ മറ്റൊരു നേട്ടവും രാഹുല്‍ മറികടന്നു. ഒരു ബൈലാറ്ററല്‍ ടെസ്റ്റ് പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സ് എന്ന നേട്ടമാണ് രാഹുല്‍ മറികടന്നത്.
(റണ്‍സ് – പരമ്പര എന്നീ ക്രമത്തില്‍)
415* – ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, 2025
392 – ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം, 2017
315 – ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, 2021
299 – ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, 2018
276 – ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം, 2024/25
ഈ പരമ്പരയില്‍ ഇനിയും പല റെക്കോഡുകളും രാഹുലിന് തകര്‍ക്കാന്‍ അവസരമുണ്ട്. ഇന്ത്യയുടെ വിജയത്തിനൊപ്പം ഈ റെക്കോഡുകളും താരം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ലിയാം ഡോവ്‌സണ്‍, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍.
Content highlight: IND vs ENG: KL Rahul becomes 5th Indian to score 1000 Test runs in England