ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ മിന്നും പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍ രാഹുല്‍ നടത്തിയത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ സെഞ്ച്വറി നേടിയാണ് താരം ഇന്ത്യയ്ക്ക് കരുത്തേകിയത്. താരത്തിന്റെ പ്രകടനത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടും ഇതേ സ്‌കോര്‍ തന്നെയാണ് എടുത്തിരുന്നത്.
മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും രാഹുലിന്റെ ഇന്നിങ്സാണ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. 177 പന്തില്‍ 100 റണ്‍സാണ് മൂന്നാം മത്സരത്തില്‍ താരം സ്‌കോര്‍ ചെയ്തത്. 13 ഫോറുകള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെ തന്റെ 10ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും രാഹുലിന് സാധിച്ചു.
ലോര്‍ഡ്സില്‍ രാഹുല്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു താരം ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരത്തിന് സ്വന്തമാക്കാനായി. ലോര്‍ഡ്സില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ ഓപ്പണറാകാനാണ് താരത്തിന് സാധിച്ചത്.
ഒപ്പം തന്നെ ഒരു മറ്റൊരു അപൂര്‍വ ലിസ്റ്റിലും രാഹുലിന് സ്വന്തം പേര് എഴുതി ചേര്‍ക്കാനായി. ഈ വേദിയില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ഒരു സന്ദര്‍ശക ടീമിലെ ഓപ്പണര്‍മാരുടെ ലിസ്റ്റിലാണ് താരം ഇടം നേടിയത്. രാഹുല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഓപ്പണറാണ്.
(താരം – ടീം – എണ്ണം, ഇന്നിങ്സ് എന്നീ ക്രമത്തില്‍)
ബില്‍ ബ്രൗണ്‍ – ഓസ്‌ട്രേലിയ – 2 – 4
കെ.എല്‍ രാഹുല്‍ – ഇന്ത്യ – 2 – 5*
ഗ്രെയാം സ്മിത്ത് – സൗത്ത് ആഫ്രിക്ക – 2 – 5
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്‍ഡീസ് – 2 – 7
രാഹുലിന് പുറമെ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. പന്ത് 112 പന്തില്‍ രണ്ട് സികസറും എട്ട് ഫോറും അടക്കം 74 റണ്‍സെടുത്തു. ജഡേജ 131 പന്തില്‍ 72 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അതേസമയം, മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എടുത്താണ് ആതിഥേയര്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.
Content Highlight: Ind vs Eng: KL Rahul became first Asian opener and Fourth Visiting Team opener to Score multiple century in Lord’s