| Friday, 1st August 2025, 9:59 am

രണ്ട് അര്‍ധ സെഞ്ച്വറികള്‍ തമ്മിലുള്ള ദൂരം ഒമ്പത് വര്‍ഷം; നാലാമനായി കരുണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരം ഓവലില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ നായരിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഉയര്‍ത്തുന്നത്.

98 പന്ത് നേരിട്ട് പുറത്താകാതെ 52 റണ്‍സുമായി കരുണ്‍ ബാറ്റിങ് തുടരുകയാണ്. ഏഴ് ഫോറുകളാണ് ആദ്യ ദിനം കരുണ്‍ സ്വന്തമാക്കിയത്. 45 പന്ത് നേരിട്ട് 19 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ക്രീസിലുള്ള രണ്ടാം താരം.

ഏതദേശം ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരുണ്‍ നായര്‍ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. 2016 ഡിസംബര്‍ 146ന് ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ഇതാദ്യമായാണ് കരുണ്‍ ടെസ്റ്റില്‍ 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്. താരത്തിന്റെ കരിയറിലെ രണ്ടാം 50+ സ്‌കോര്‍ കൂടിയാണിത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ക്കിടയിലെ ഏറ്റവും വലിയ നാലാമത് ഇടവേളയാണിത്.

ടെസ്റ്റില്‍ രണ്ട് 50+ സ്‌കോറുകള്‍ക്കിടയിലെ ഏറ്റവും വലിയ ഇടവേള

(താരം – ടീം – കാലയളവ് എന്നീ ക്രമത്തില്‍)

പാര്‍ത്ഥിവ് പട്ടേല്‍ – ഇന്ത്യ – 12 വര്‍ഷവും 43 ദിവസവും, 2004-2016

ഫവാദ് അലം – പാകിസ്ഥാന്‍ – 11 വര്‍ഷവും 167 ദിവസവും, 2009-2020

റോബിന്‍ പാറ്റേഴ്‌സണ്‍ – സൗത്ത് ആഫ്രിക്ക – ഒമ്പത് വര്‍ഷവും 289 ദിവസവും, 2003-2013

കരുണ്‍ നായര്‍ – ഇന്ത്യ – എട്ട് വര്‍ഷവും 227 ദിവസവും, 2016-2025*

എല്‍ട്ടണ്‍ ചിഗുംബുറ – സിംബാബ്‌വേ – എട്ട് വര്‍ഷവും 109 ദിവസവും, 2005-2013

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. യശസ്വി ജെയ്‌സ്വാള്‍ വെറും രണ്ട് റണ്‍സിന് പുറത്തായി. 40 പന്തില്‍ 14 റണ്‍സ് നേടിയ കെ.എല്‍. രാഹുലും 35 പന്ത് നേരിട്ട് 21 റണ്‍സുമായി നില്‍ക്കവെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. രവീന്ദ്ര ജഡേജ ഒമ്പത് റണ്‍സുമായി മടങ്ങിയപ്പോള്‍ റിഷബ് പന്തിന് പകരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ 19 റണ്‍സിനും മടങ്ങി.

ആദ്യ ദിവസം ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണും ജോഷ് ടംഗും രണ്ട് വീതം വിക്കറ്റെടുത്തു. ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേകബ് ബേഥല്‍, ജെയ്മി സ്മിത്, ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്.

Content Highlight: IND vs ENG: Karun Nair scored a 50+ score in test after 8 years

We use cookies to give you the best possible experience. Learn more