| Sunday, 26th January 2025, 11:02 am

സൂര്യയെ സാക്ഷിയാക്കി സ്വന്തമാക്കിയത് സൂര്യ ലക്ഷ്യമിട്ട ചരിത്ര റെക്കോഡ്; തോല്‍വിയിലും തലയുയര്‍ത്തി ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ ചെപ്പോക്കില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ തോല്‍വിയാണ് ജോസ് ബട്‌ലറിനും സംഘത്തിനും ഏറ്റുവാങ്ങേണ്ടി വന്നത്.

രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്യാപ്റ്റന്‍ ബട്‌ലറിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 44 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 30 പന്ത് നേരിട്ട് 45 റണ്‍സ് നേടിയും പുറത്തായി.

ചെപ്പോക്കില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 150.00 സ്‌ട്രൈക്ക് റേറ്റിലാണ് ബട്‌ലര്‍ റണ്ണടിച്ചുകൂട്ടിയത്. മത്സരത്തില്‍ രണ്ടാം സിക്‌സര്‍ പറത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ബട്‌ലര്‍ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലീസ്റ്റിലേക്കാണ് ബട്‌ലര്‍ കാലെടുത്ത് വെച്ചത്.

ടി-20 ഐ ചരിത്രത്തില്‍ ബട്‌ലര്‍ അടക്കം ഇതുവരെ നാലേ നാല് താരങ്ങള്‍ക്ക് മാത്രമാണ് 150 എന്ന മാജിക്കല്‍ നമ്പറിലെത്താന്‍ സാധിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (205), കിവീസ് ലെജന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടില്‍ (173), യു.എ.ഇ സൂപ്പര്‍ താരം മുഹമ്മദ് വസീം എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് 150 ടി-20ഐ സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയത്.

ഈ പരമ്പരയ്ക്ക് മുമ്പ് 146 സിക്‌സറുകളാണ് ബട്‌ലറിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ രണ്ട് സിക്‌സറടിച്ച ബട്‌ലര്‍ ചെപ്പോക്കില്‍ രണ്ടാം സിക്‌സറും പറത്തിയതോടെ 150 അന്താരാഷ്ട്ര ടി-20 സിക്‌സറുകളും പൂര്‍ത്തിയാക്കി.

ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ബട്‌ലറിനൊപ്പം മത്സരിച്ചിരുന്നു. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 145 സിക്‌സറുകളാണ് സൂര്യയുടെ പേരിലുണ്ടായിരുന്നത്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബട്‌ലര്‍ തന്റെ സിക്‌സര്‍ നേട്ടം 151 ആയി ഉയര്‍ത്തിയപ്പോള്‍ സ്‌കൈ ഇപ്പോഴും 145ല്‍ തുടരുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 1451 – 205

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 173

മുഹമ്മദ് വസീം – യു.എ.ഇ – 69 – 158

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 120 – 151*

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 97 – 149

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 76 – 145

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 106 – 137

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 114 – 130

അതേസമയം, ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് സൂര്യയും സംഘവും. ജനുവരി 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Content Highlight: IND vs ENG: Jos Buttler completed 150 T20I sixes

We use cookies to give you the best possible experience. Learn more