| Monday, 7th July 2025, 11:18 am

ഗില്ലിന്റെ ആ ഇന്നിങ്‌സ് കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ; പ്രശംസയുമായി മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 336 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.

ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ബെർമിങ്ഹാമിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചതിൽ ഒരു നിർണായക പങ്ക് വഹിച്ചത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. സന്ദർശകർ ഇരു ഇന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് മുന്നിൽ വലിയ സ്കോർ ഉയർത്തിയത് നായകന്റെ ഇന്നിങ്സിന്റെ ബലത്തിലായിരുന്നു.

ഗിൽ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി അടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയായിരുന്നു നേടിയത്. 269, 161 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോർ. ഇരു ഇന്നിങ്‌സിലുമായി താരം നേടിയത് 430 റൺസായിരുന്നു. സൂപ്പർ താരം വിരാട് കോഹ്‌ലി കളിച്ചിരുന്ന നാലാം നമ്പറിൽ ഇറങ്ങിയ താരം തന്നെ പ്ലെയർ ഓഫ് ദി മാച്ചുമായി.

ഇപ്പോൾ താരത്തിനെ പ്രശംസിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ട്രോട്ട്. ഗിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ലെന്നും അവൻ ഇന്നിങ്‌സ് പടുത്തുയർത്തിയ രീതി വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗിൽ തന്നെ ഇന്ത്യയുടെ മുമ്പത്തെ നാലാം നമ്പറുകാരനെ ഓർമിപ്പിച്ചുവെന്നും ഏകദേശം ആ താരത്തിന്റെ കാർബൺ കോപ്പിയാണ് ഇന്ത്യൻ നായകനെന്നും മുൻ ഇംഗ്ലണ്ട് താരം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു ജോനാഥൻ ട്രോട്ട്.

‘ശുഭ്മൻ ഗില്ലിന്റെ ആ ഇന്നിങ്‌സ് കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവൻ ഇംഗ്ലണ്ട് ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. അവൻ പ്രതിരോധം ഒഴിവാക്കി സിക്സുകൾ അടിച്ച് ഇന്നിങ്‌സ് പടുത്തുയർത്തിയ രീതി വളരെ മികച്ചതായിരുന്നു. ഗില്ലത് ചെയ്തത് പ്രോപ്പർ ക്രിക്കറ്റ് ഷോട്ടുകളിലൂടെയായിരുന്നു.

ഗിൽ ഇന്ന് മികച്ചൊരു ബാറ്റെറാണെന്ന് തെളിയിച്ചു. അവൻ എന്നെ ഇന്ത്യയുടെ മുമ്പത്തെ നാലാം നമ്പറുകാരനെ ഓർമിപ്പിച്ചു. ഏകദേശം ആ താരത്തിന്റെ കാർബൺ കോപ്പിയാണ് ഗിൽ. അവൻ ഇതിനെക്കാളും മികച്ചൊരു തുടക്കം സ്വപ്നം കാണാൻ പോലും കഴിയില്ല,’ ട്രോട്ട് പറഞ്ഞു.

ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജെയ്‌സ്വാള്‍ (87) എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി തിളങ്ങി. രവീന്ദ്ര ജഡേജ (69*), റിഷബ് പന്ത് (65), കെ.എല്‍. രാഹുല്‍ (55) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ബൗളിങ്ങിൽ ആകാശ് ദീപും മുഹമ്മദ് സിറാജുമാണ് മിന്നും പ്രകടനങ്ങൾ നടത്തിയത്. ആകാശ് ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റും നേടി. സിറാജ് ആദ്യ ഇന്നിങ്സിൽ ആറെണ്ണം നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഒന്ന് മാത്രമാണ് വീഴ്ത്തിയത്.

Content Highlight: Ind vs Eng: Jonathan Trott praises Shubhman Gill

We use cookies to give you the best possible experience. Learn more