ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ സന്ദശകര്‍ക്കെതിരെ ആതിഥേയര്‍ മികച്ച നിലയില്‍. ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ മറികടന്നാണ് ഇംഗ്ലണ്ട് ലീഡെടുത്തിരിക്കുന്നത്.
ടോപ് ഓര്‍ഡറില്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ഒലി പോപ്പും ചേര്‍ന്ന് അടിത്തറയൊരുക്കിയ ഇന്നിങ്‌സ് ജോ റൂട്ട് പടുത്തുയര്‍ത്തുകയായിരുന്നു. ക്രോളി, ഡക്കറ്റ്, പോപ്പ് എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സെഞ്ച്വറിയുമായാണ് റൂട്ട് തിളങ്ങിയത്.
സാക്ക് ക്രോളി 84 റണ്‍സും ഒലി പോപ്പ് 71 റണ്‍സും സ്വന്തമാക്കിയപ്പോള്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് ആറ് റണ്‍സകലെയാണ് ബെന്‍ ഡക്കറ്റ് മടങ്ങിയത്. 150 റണ്‍സടിച്ചാണ് റൂട്ട് തിളങ്ങിയത്. 77 വര്‍ഷത്തില്‍ ഇതാദ്യമായാണ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ നാല് ബാറ്റര്‍മാരും 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.
കരിയറിലെ 38ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജിനെതിരെ ബൗണ്ടറി നേടിക്കൊണ്ടാണ് റൂട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ എണ്ണമറ്റ റെക്കോഡുകളും റൂട്ട് തന്റെ പേരിലെഴുതിച്ചേര്‍ത്തു. സ്വന്തം തട്ടകത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് ഇതിലൊന്ന്. ഇംഗ്ലണ്ടില്‍ ഇത് 23ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കുന്നത്.
(താരം – ടീം – സെഞ്ച്വറി)
ജോ റൂട്ട് – ഇംഗ്ലണ്ട് – 23*
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 23
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 23
റിക്കി പോണ്ടിങ് – ഓസട്രേലിയ – 23
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 22
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 22
ടീം സ്‌കോര്‍ 499ല്‍ നില്‍ക്കവെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടപ്പെട്ടിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ധ്രുവ് ജുറെല്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ് റൂട്ട് സ്റ്റംപിങ്ങിലൂടെ മടങ്ങുന്നത്.
2012ല്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ച റൂട്ട് നിലവില്‍ സ്വപ്‌നതുല്യമായ ഫോമിലാണ്. ഒന്നിന് പിന്നാലെ ഒന്നായി സെഞ്ച്വറി നേടിയാണ് റൂട്ട് മുന്നേറുന്നത്. 2012 മുതല്‍ 2020 വരെ 17 തവണയാണ് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ റൂട്ട് നൂറടിച്ചത്. എന്നാല്‍ 2021 മുതല്‍ 2025 ഇതുവരെ 21 തവണ താരം ടെസ്റ്റ് സെഞ്ച്വറി നേടി.
അതേസമയം, 120 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ ആതിഥേയര്‍ 142 റണ്‍സിന് മുമ്പിലാണ്. 12 പന്തില്‍ രണ്ട് റണ്‍സുമായി ജെയ്മി സ്മിത്തും രണ്ട് പന്തില്‍ ഒരു റണ്‍സുമായി ലിയാം ഡോവ്‌സണുമാണ് ക്രീസില്‍. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു.
Content Highlight: IND vs ENG: Joe Root surpassed Sachin Tendulkar in most home Test centuries