| Monday, 4th August 2025, 10:39 am

എതിരാളികളില്ലാതെ റൂട്ട്; ഇന്ത്യയുടെ അടിവേരറുത്ത് നേടിയത് ഒരുപറ്റം റെക്കോഡുകള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാലാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുകയാണ്. നിലവില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തും (17 പന്തില്‍ രണ്ട്) ജെയ്മി ഓവര്‍ട്ടണുമാണ് (എട്ട് പന്തില്‍ 0) എന്നിവരാണ് ക്രീസിലുള്ളത്.

അവസാന ദിനത്തില്‍ 35 റണ്‍സ് അകലെയാണ് ഇംഗ്ലണ്ടിന് വിജയം. അതേസമയം ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ പരമ്പരയിലെ രണ്ടാം വിജയവും പരമ്പര സമനിലയ്ക്കാനും സാധിക്കും. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിരുന്ന ഇംഗ്ലണ്ട് തുടക്കത്തില്‍ പതറിയിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഒത്തുചേര്‍ന്ന ജോ റൂട്ട് – ഹാരി ബ്രൂക്ക് സഖ്യം കളി ആതിഥേയരുടെ വരുതിയിലാക്കി. ഇരുവരും സെഞ്ച്വറി നേടിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.

ഇന്ത്യയ്ക്കെതിരെ വീണ്ടും മിന്നും പ്രകടനവുമായി തിളങ്ങിയ റൂട്ട് 152 പന്തുകള്‍ നേരിട്ട് 105 റണ്‍സാണ് അടിച്ചെടുത്തത്. 12 ഫോറുകള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെ ഇംഗ്ലണ്ട് ബാറ്റര്‍ ഒരു പിടി റെക്കോഡുകളാണ് തന്റെ അക്കൗണ്ടിലാക്കിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന സുവര്‍ണ നേട്ടമാണ് അതിലൊന്ന്. തന്റെ 69ാം ടെസ്റ്റിലാണ് താരം ഈ നാഴികക്കല്ലില്‍ എത്തിയത്.

ഇന്ത്യയ്ക്കെതിരെ ഒരിക്കല്‍ കൂടി മൂന്നക്കം കടന്നതോടെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനും താരത്തിന് സാധിച്ചു. 24 തവണയാണ് റൂട്ട് ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിച്ചത്. കൂടാതെ ടെസ്റ്റില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ മൂന്നക്കം നേടിയ രണ്ടാമത്തെ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പമെത്താനും 34കാരനായി.

ഇന്ത്യക്കെതിരെ 13 സെഞ്ച്വറി നേടിയാണ് റൂട്ടിന് ഈ നേട്ടത്തിലെത്തിയത്. ഇത്രയും തവണ തന്നെ ഗവാസ്‌കറും വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നക്കം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ നേട്ടത്തില്‍ 19 സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍.

ഇവയ്‌ക്കൊപ്പം തന്നെ മറ്റൊരു റെക്കോര്‍ഡ് കൂടി റൂട്ട് തന്റെ കൈപിടിയിലൊതുക്കിയിട്ടുണ്ട്. നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തം പേരില്‍ എഴുതിയത്. ഈ റെക്കോഡില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ശിവ്‌നരയ്ന്‍ ചന്ദ്രപോള്‍, ക്രിസ് ഗെയ്ല്‍, സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഗ്രെയാം സ്മിത് എന്നിവരും റൂട്ടിന് ഈ റെക്കോഡില്‍ കൂട്ടുണ്ട്. എല്ലാവരും 13 തവണയാണ് നാലാം ഇന്നിങ്‌സില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്തത്.

അതേസമയം, റെക്കോഡ് പ്രകടനം നടത്തിയ റൂട്ടിനൊപ്പം ബ്രൂക്ക് 98 പന്തില്‍ 111 റണ്‍സ് നേടി കളിയില്‍ മികവ് തെളിയിച്ചു. രണ്ട് സിക്സും 14 ഫോറും അടക്കമായിരുന്നു താരത്തിന്റെ ബാറ്റിങ്. ഇവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി.

ഇന്ത്യയ്ക്കായി നാലാം ഇന്നിങ്‌സില്‍ ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണ മിന്നും പ്രകടനം നടത്തി. 4. 88 എക്കോണമിയില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഒപ്പം മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind vs Eng: Joe Root became first batter to score 6000 runs in WTC history

We use cookies to give you the best possible experience. Learn more