ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം അരങ്ങേറുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് മുമ്പില്‍.
ലീഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. അതേസമയം, ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു. ലോര്‍ഡ്സില്‍ 22 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ജയമുറപ്പിച്ച ശേഷമായിരുന്നു തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
ഇതുവരെ ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാത്ത വേദിയാണ് മാഞ്ചസ്റ്റര്‍. ഇതുവരെ കളിച്ച ഒമ്പത് മത്സരത്തില്‍ നാല് തോല്‍വിയും അഞ്ച് സമനിലയുമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.
പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടപ്പെടുമെന്നുറപ്പുള്ള മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. സേന രാജ്യങ്ങളില്‍ ഏറ്റവുമധികം ഫൈഫറുകള്‍ സ്വന്തമാക്കുന്ന ഏഷ്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒറ്റയ്ക്ക് മുമ്പിലെത്താനുള്ള അവസരമാണ് ബുംറയ്ക്ക് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ കേവലം ഒരേയൊരു അഞ്ച് വിക്കറ്റ് നേട്ടവും.
നിലവില്‍ 11 ഫൈഫറുകളാണ് സേന രാജ്യങ്ങളില്‍ ബുംറയുടെ പേരിലുള്ളത്. 11 ഫൈഫറുമായി വസീം അക്രം ബുംറയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. വരും മത്സരത്തില്‍ ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാല്‍ ബുംറയ്ക്ക് ഒന്നാമതെത്താം.
(താരം – ടീം – മത്സരം – ഫൈഫര്‍ – വിക്കറ്റ് എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഇന്ത്യ – 33 – 11 – 157
വസീം അക്രം – പാകിസ്ഥാന്‍ – 32 – 11 – 146
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 23 – 10 – 125
ഒരു ഫൈഫര്‍ കൂടി നേടിയാല്‍ വസീം അക്രമിനെ മറികടന്ന് ഒറ്റയ്ക്ക് ഒന്നാമനാകാന്‍ സാധിക്കുമെങ്കിലും നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
Content Highlight: IND vs ENG: Jasprit Bumrah need one fifer to surpass Wasim Akram