| Wednesday, 18th June 2025, 6:36 pm

അവന് എന്നെ ആവശ്യമുള്ളപ്പോള്‍ എന്തിനും ഞാന്‍ അവിടെയുണ്ടാകും; തുറന്നുപറഞ്ഞ് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്. ശുഭ്മന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മാനേജ്‌മെന്റ് ശുഭ്മന്‍ ഗില്ലിന് ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു.

ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിനെയും ക്യാപ്റ്റന്‍സിയെയും കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഗില്ലിനെ സ്വതന്ത്രനായി തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുമെന്നും ഏതെങ്കിലും സാഹചര്യത്തില്‍ തന്റെ ആവശ്യമുണ്ടായാല്‍ തന്റെ സഹായം അവന് എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും ബുംറ പറയുന്നു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളെല്ലായ്‌പ്പോഴും അവന് വേണ്ടിയുണ്ടാകണം, എന്നാല്‍ അവന്‍ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കട്ടെ. എല്ലായ്‌പ്പോഴും അവനോട് ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഇങ്ങനെയാണ് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത്.

എപ്രകാരം കളിക്കളത്തില്‍ തീരുമാനമെടുക്കണം, മത്സരം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണം എന്നതെല്ലാം അവന് വിട്ടേക്കണം. അവന്‍ യുവാവും ഊര്‍ജസ്വലനായ ക്രിക്കറ്ററുമാണ്. അവന് അവന്റേതായ ചിന്തകളുണ്ടാകും. കളിക്കളത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ തീര്‍ച്ചയായും അവനൊപ്പമുണ്ടാകും,’ ബുംറ പറഞ്ഞു.

ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.

വിരാടും ധോണിയും അടക്കമുള്ള ക്യാപ്റ്റന്‍മാര്‍ പരിശ്രമിച്ച് പരാജയപ്പെട്ട മണ്ണിലേക്കാണ് ടെസ്റ്റ് പരമ്പര ലക്ഷ്യം വെച്ച് ഗില്ലും സംഘവും ഇറങ്ങുന്നത്.

ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എന്ന ബാലികേറാമലയാണ് ഗില്ലിന് മുമ്പിലുള്ളത്. ഇംഗ്ലണ്ട് വേദിയാകുന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോഡ് തീര്‍ത്തും നിരാശാജനകമാണ് എന്നതുതന്നെ കാരണം.

1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, ക്രിസ് വോക്സ്.

Content Highlight: IND vs ENG: Jasprit Bumrah about Shubman Gill

We use cookies to give you the best possible experience. Learn more