ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നാളെ (ബുധൻ) ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ഈ മത്സരം അരങ്ങേറുക. ജയം സ്വന്തമാക്കി പരമ്പര സമനിലയിലാകാനാണ് ഇന്ത്യൻ ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുന്നിലാണ്.
രണ്ടാം ടെസ്റ്റിൽ എട്ടാം നമ്പറിൽ ആരെ കളിപ്പിക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ആദ്യ മത്സരത്തിൽ ഷർദുൽ താക്കൂറിന്റെ ബൗളിങ് പോലെ ബാറ്റിങ്ങും നിരാശജനകമായിരുന്നുവെന്നും അതിനാൽ കുൽദീപ് യാദവിനെയോ വാഷിങ്ടൺ സുന്ദറിനെയോ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുന്ദർ എട്ടാം നമ്പറിൽ ഇറങ്ങിയാൽ ബാറ്റിങ് നിര കൂടുതൽ ശക്തമാകുമെന്നും താരം ഷർദുലിനേക്കാൾ മികച്ച ബാറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇർഫാൻ പത്താൻ.
‘ഷർദുൽ താക്കൂറിന്റെ ബൗളിങ് വളരെ നിരാശജനകമായിരുന്നു. അതിലേറെ എനിക്ക് നിരാശ തോന്നിയത് അവന്റെ ബാറ്റിങ്ങാണ്. അവൻ എട്ടാമതായി ഇറങ്ങിയിട്ടും ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. അത് ഉണ്ടാകാൻ പാടില്ലായിരുന്നു. അവൻ നന്നായി ബാറ്റും ചെയ്യുന്നതായി തോന്നിയില്ല.
അതുകൊണ്ട് കുൽദീപ് യാദവിനെയോ വാഷിങ്ടൺ സുന്ദറിനെയോ കളിപ്പിക്കണം. സുന്ദർ എട്ടാം നമ്പറിൽ വന്നാൽ ബാറ്റിങ് നിര കൂടുതൽ ശക്തമാകും. ബാറ്റിങ് തകർച്ച ഉണ്ടാവാൻ ചാൻസ് കുറവാണ്. അവന് 15 മുതൽ 20 റൺസ് വരെ നേടാൻ കഴിയും.
അവൻ ഷർദുലിനേക്കാൾ മികച്ച ബാറ്ററാണ്. എന്റെ അഭിപ്രായത്തിൽ അവന് എട്ടാം നമ്പറിൽ എത്തിയാൽ ഒരു പരിധി വരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച ഒഴിവാക്കാം. ഇംഗ്ലണ്ടിന്റെ ബൗളിങ് മെച്ചപ്പെടും. അതുകൊണ്ട് ഇന്ത്യ ബാറ്റിങ് ശക്തിപ്പെടുത്തണം,’ പത്താൻ പറഞ്ഞു.
Content Highlight: Ind vs Eng: Irfan Pathan suggest that India should Washington Sundar at No.8 instead of Shardul Thakur