| Saturday, 5th July 2025, 2:48 pm

അവന്റെ ആ പന്ത് മത്സരത്തിലെ തന്നെ ഏറ്റവും മികച്ചത്; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഇർഫാൻ പത്താൻ

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ 13 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്.

ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. 22 പന്തിൽ 28 റൺസെടുത്ത താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്. കെ.എൽ രാഹുലും (38 പന്തിൽ 28) കരുൺ നായരുമാണ് (18 പന്തിൽ ഏഴ്) ഇന്ത്യക്കായി ക്രീസിലുള്ളത്.

നേരത്തെ, ഇന്ത്യ ഇംഗ്ലണ്ടിനെ 407ന് ഓൾ ഔട്ടാക്കിയിരുന്നു. ആതിഥേയർക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തിൽ പുറത്താകാതെ 184 റൺസെടുത്ത്‌ ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

ഇന്ത്യയ്ക്കായി ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്. ആതിഥേയർക്കെതിരെ മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. 3.59 എക്കോണമിയിൽ പന്തെറിഞ്ഞ താരം 70 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.

ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റുകളായിരുന്നു ആകാശ് ദീപ് നേടിയത്. ഇംഗ്ലണ്ടിനെതിരെ 20 ഓവറുകൾ എറിഞ്ഞ താരം 88 റൺസ് മാത്രമാണ് വഴങ്ങിയത്. 4.40 എക്കണോമിയിലാണ് ഇംഗ്ലണ്ട് ബാറ്റർമാരെ വലിഞ്ഞു മുറുക്കിയത്. താരത്തിന്റെ സ്പെല്ലിൽ രണ്ട് മെയ്ഡൻ ഓവറുകളുമുണ്ടായിരുന്നു.

ഇപ്പോൾ ആകാശ് ദീപിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ആകാശ് ദീപ് മികച്ചൊരു ന്യൂ ബോൾ ബൗളറാണെന്നും ഹാരി ബ്രൂക്കിനെ പുറത്താക്കിയ താരത്തിന്റെ പന്ത് മത്സരത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബൗളർമാർക്ക് യാതൊരു സഹായവും നൽകാത്ത ഫ്ലാറ്റ് പിച്ചിൽ ആ വിക്കറ്റ് താരത്തിന്റെ കഴിവിനെ തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇർഫാൻ പത്താൻ.

‘ആകാശ് ദീപ് ന്യൂ ബോളിൽ മികച്ച പ്രകടനമാണ് നടത്തിയത്. അവന്റെ കരിയറിലെ പകുതിയിലധികം വിക്കറ്റുകളും വീഴ്ത്തിയത് എൽ.ബി.ബ്ല്യുവിലൂടെയോ ബൗൾഡ് ആക്കിയോയാണ്.

ഹാരി ബ്രൂക്കിനെ പുറത്താക്കിയ പന്താണ് എനിക്ക് മത്സരത്തിലെ ഏറ്റവും മികച്ചതായി തോന്നിയത്. കാരണം, ഇതുപോലെ ഒരു ഫ്ലാറ്റ് പിച്ചിൽ പന്ത് ഇത്രയധികം മൂവ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ബ്രൂക്ക് ക്രീസിൽ നിലയുറപ്പിച്ച് ഡബിൾ സെഞ്ച്വറി നേടാനുള്ള ഒരുക്കത്തിലായിരുന്നു.

ബൗളർമാർക്ക് യാതൊരു സഹായവും നൽകാത്ത പിച്ചിൽ അങ്ങനെ ഒരാളെയാണ് അവൻ പുറത്താക്കിയത്. അത് ആകാശ് ദീപിന്റെ കഴിവിനെയാണ് കാണിക്കുന്നത്. കൂടാതെ, അവൻ ബെൻ ഡക്കറ്റിനെ പുറത്താക്കിയ രീതിയും മികച്ചതായിരുന്നു,’ ഇർഫാൻ പത്താൻ പറഞ്ഞു.

Content Highlight: Ind vs Eng: Irfan Pathan praises Akash Deep

Latest Stories

We use cookies to give you the best possible experience. Learn more