ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ എറിഞ്ഞിടാന്‍ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും സാധിക്കാതെ വന്നതിന് പിന്നാലെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
സ്‌കോര്‍
ഇന്ത്യ: 358 & 425/4
ഇംഗ്ലണ്ട്: 669
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സെഞ്ച്വറി നേടി. ജഡ്ഡു 185 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സും സുന്ദര്‍ 206 പന്തില്‍ പുറത്താകാതെ 101 റണ്‍സും നേടി. 238 പന്തില്‍ 103 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ഈ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
നാലാം ടെസ്റ്റില്‍ സമനില പാലിച്ചതോടെ മാഞ്ചസ്റ്ററില്‍ വിജയിക്കാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. 1936ല്‍ ഇവിടെ ആദ്യ മത്സരം കളിച്ച ഇന്ത്യയ്ക്ക് ഒറ്റ മത്സരം പോലും ഇവിടെ വിജയിക്കാന്‍ സാധിച്ചിട്ടില്ല.
പത്ത് മത്സരങ്ങള്‍ കളിച്ചു, ഇതില്‍ ആറ് മത്സരം സമനിലയിലായപ്പോള്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടു.
(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
1936 – സമനില
1946 – സമനില
1952 – തോല്‍വി – ഇന്നിങ്‌സിനും 207 റണ്‍സിനും
1959 – തോല്‍വി – 171 റണ്‍സ്
1971 – സമനില
1974 – തോല്‍വി – 113 റണ്‍സ്
1982 – സമനില
1990 – സമനില
2014 – തോല്‍വി – ഇന്നിങ്‌സിനും 54 റണ്‍സിനും
2025 – സമനില*
ഇതിനൊപ്പം വിജയമില്ലാതെ ഇന്ത്യ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച വേദിയിലും മാഞ്ചസ്റ്റര്‍ ഒന്നാമതെത്തി.
(വേദി – രാജ്യം – ആകെ കളിച്ച മത്സരം – തോല്‍വി – സമനില എന്നീ ക്രമത്തില്‍)
ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍ – ഇംഗ്ലണ്ട് – 10 – 4 – 6*
ബ്രിഡ്ജ്ടൗണ്‍ – ബാര്‍ബഡോസ് (വെസ്റ്റ് ഇന്‍ഡീസ്) – 9 – 7 – 2
ഗദ്ദാഫി സ്റ്റേഡിയം, ലാഹോര്‍ – പാകിസ്ഥാന്‍ – 7 – 2 – 5
ജോര്‍ജ്ടൗണ്‍ – ഗയാന (വെസ്റ്റ് ഇന്‍ഡീസ്) – 6 – 0 – 6
നാഷണല്‍ സ്റ്റേഡിയം, കറാച്ചി – പാകിസ്ഥാന്‍ – 6 – 3 – 3
നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ പുറകിലാണ് എന്നതിനാല്‍ തന്നെ അഞ്ചാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. എന്നാല്‍ ഓവല്‍ ടെസ്റ്റ് സമനിലയിലെത്തിച്ചാല്‍ പോലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.
Content highlight: IND vs ENG: India yet to win a Test match in Manchester