| Monday, 4th August 2025, 12:27 pm

21 സെഞ്ച്വറികള്‍! ഇതിന് മുമ്പ് ഇങ്ങനെയൊന്ന് ഒരിക്കല്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഓവലില്‍ കളി അവസാന ദിവസത്തേക്ക് നീണ്ടപ്പോള്‍ 35 റണ്‍സിന് മാത്രം അകലെയാണ് ഇംഗ്ലണ്ടിന് വിജയം. ഇന്ത്യക്കുമുണ്ട് അഞ്ചാം ദിവസം പ്രതീക്ഷകള്‍. നാല് വിക്കറ്റുകള്‍ കൂടി എത്രയും വേഗം വീഴ്ത്താനായാല്‍ സന്ദര്‍ശകര്‍ക്ക് പരമ്പരയിലെ രണ്ടാം വിജയം നേടാം. വിജയിക്കാനായാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയ്ക്ക് വിജയം സമനില സമ്മാനിക്കും.

നാലാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാലാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയാണ്. തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആക്രമണത്തിന് മുന്നില്‍ ഒന്ന് പതറിയെങ്കിലും ആതിഥേയര്‍ മനോഹരമായി തങ്ങളുടെ തിരിച്ച് വരവ് നടത്തി. അതിനാകട്ടെ ചുക്കാന്‍ പിടിച്ചത് ജോ റൂട്ട് – ഹാരി ബ്രൂക്ക് സഖ്യവും.

ഇരുവരും ഇംഗ്ലണ്ടിന്റെ പോരാട്ടം നയിച്ചത് സെഞ്ച്വറി അടിച്ചായിരുന്നു. ബ്രൂക്ക് 111 റണ്‍സെടുത്തപ്പോള്‍ റൂട്ട് 105 റണ്‍സ് എടുത്താണ് സെഞ്ച്വറി പ്രകടനം നടത്തിയത്. ഇരുവരും മൂന്നക്കം കടന്നതോടെ ഈ പരമ്പരയിലെ സെഞ്ച്വറികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഇംഗ്ലണ്ടും ഇന്ത്യയും ചേര്‍ന്ന് കുറിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന നേട്ടമാണ് ഇരു ടീമുകളും തങ്ങളുടെ പേരിലാക്കിയത്. ഇതിന് മുമ്പ് 21 സെഞ്ച്വറികള്‍ പിറന്നത് ഒരിക്കല്‍ മാത്രമാണ്. 1955ലെ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരയിലായിരുന്ന ഇത്രയും സെഞ്ച്വറികള്‍ നേടിയത്.

ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന ടെസ്റ്റ് പരമ്പരകള്‍

(എണ്ണം – പരമ്പര – വര്‍ഷം എന്നീ ക്രമത്തില്‍)

21 – ഇന്ത്യ vs ഇംഗ്ലണ്ട് – 2025*

21 – ഓസ്‌ട്രേലിയ vs വെസ്റ്റ് ഇന്‍ഡീസ് -1955

20 – വെസ്റ്റ് ഇന്‍ഡീസ് vs സൗത്ത് ആഫ്രിക്ക – 2003

17 – ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ – 1928/29

17 – ഇംഗ്ലണ്ട് vs സൗത്ത് ആഫ്രിക്ക – 1938/39

അതേസമയം, അഞ്ചാം ദിവസം ആറിന് 339 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിക്കും. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തും ജെയ്മി ഓവര്‍ട്ടണുമാണ് ഇംഗ്ലണ്ടിനായി ബാറ്റിങ് തുടരുക. സ്മിത് 17 പന്തില്‍ രണ്ട് റണ്‍സ് അടിച്ചും ഓവര്‍ട്ടണ്‍ എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും നേടാതെയുമാണ് ക്രീസിലുള്ളത്.

Content Highlight: Ind vs Eng: India tour of England registered 21 centuries which is joint most in a  test series

We use cookies to give you the best possible experience. Learn more