ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയുടെയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ബലത്തിലാണ് ഇന്ത്യ മികച്ച രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ജെയ്‌സ്വാള്‍ 164 പന്തില്‍ 118 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 66 റണ്‍സുമായി ആകാശ് ദീപ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 53 റണ്‍സ് വീതമാണ് ജഡേജയും വാഷിങ്ടണും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ: 224 & 396
ഇംഗ്ലണ്ട്: 247 & 50/1 (T: 374)
നിരവധി മികച്ച മുഹൂര്‍ത്തങ്ങള്‍ക്കാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഓവല്‍ സാക്ഷ്യം വഹിച്ചത്. ജെയ്‌സ്വാളിന്റെ സെഞ്ച്വറിയും ചരിത്രം കുറിച്ച റെക്കോഡുകളുമായി നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപിന്റെ പ്രകടനവും വാഷിങ്ടണ്‍ സുന്ദറിന്റെ സിക്‌സര്‍ വേട്ടയും ആരാധകരെ ആവേശത്തിലാഴ്ത്തി.
തങ്ങളുടെ രണ്ടാം ഇന്നിങ്‌സില്‍ നാല് 50+ സ്‌കോര്‍ പിറവിയെടുത്തതോടെ ഇന്ത്യയുടെ പേരില്‍ ഒരു ചരിത്ര നേട്ടവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ 28 തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ 50+ സ്‌കോര്‍ നേടിയത്.
(ടീം – എതിരാളികള്‍ – എത്ര 50+ സ്‌കോറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – ഇംഗ്ലണ്ട് – 28 – 2025*
ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 27 – 1989
ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 27 – 1920-21
ഓസ്‌ട്രേിയ – സൗത്ത് ആഫ്രിക്ക – 26 – 1910-11
ഓസ്‌ട്രേലിയ – ഇന്ത്യ – 26 – 2014-15
ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആകാശ് ദീപ്
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ 324 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമുള്ളത്. അതേസമയം, ഇന്ത്യയാകട്ടെ ശേഷിക്കുന്ന ഒമ്പത് വിക്കറ്റും പിഴുതെറിയാനാണ് ശ്രമിക്കേണ്ടത്.
പരമ്പര പരാജയപ്പെടാതെ പിടിച്ചുനില്‍ക്കാനും സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, ഓവല്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും.
Content highlight: IND vs ENG: India tops the record of most 50+ scores for a team in a Test series