| Wednesday, 23rd July 2025, 6:03 pm

ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത 16,384ല്‍ വെറും ഒന്ന് 😲❗ ഇന്ത്യയുടെ നിര്‍ഭാഗ്യം പങ്കുവെച്ച് ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു.

ടോസ് ലഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഒരു കണക്കാണ് ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. ഇന്ത്യയെ തുണയ്ക്കാത്ത ടോസ് ഭാഗ്യത്തിന്റെ കണക്കുകളാണ് ഇംഗ്ലണ്ട് പങ്കുവെച്ചത്.

ഇത് തുടര്‍ച്ചയായ 14ാം മത്സരത്തിലാണ് ഇന്ത്യ ടോസിങ്ങില്‍ പരാജയപ്പെടുന്നത്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത 16,384ല്‍ ഒന്ന് മാത്രമാണെന്നാണ് ഇംഗ്ലണ്ട് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

2025 ജനുവരി 28ന് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ സൗരാഷ്ട്ര ടി-20യിലാണ് ഇന്ത്യ അവസാനമായി ടോസ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു ഇത്. ഈ മാച്ചില്‍ ഇംഗ്ലണ്ട് 26 റണ്‍സിന് വിജയിച്ചിരുന്നു.

ശേഷം നടന്ന പരമ്പരയിലെ രണ്ട് ടി-20യിലും പര്യടനത്തിലെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല.

തുടര്‍ന്നുവന്നത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും സെമിയിലും ഫൈനലിലും ഇന്ത്യ പരാജയമറിയാതെ വിജയിക്കുകയും കിരീടമണിയുകയും ചെയ്‌തെങ്കിലും ഒറ്റ മത്സരത്തില്‍ പോലും ടോസ് വിജയിച്ചിരുന്നില്ല.

ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ലീഡ്‌സിലും എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് മാഞ്ചസ്റ്ററിലും ആ ഭാഗ്യം ലഭിച്ചില്ല.

ഇതിന് മുമ്പ് തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളിലായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യ ടോസ് പരാജയപ്പെട്ടത്, അതും ഒന്നല്ല, മൂന്ന് തവണ.

ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ടോസ് പരാജയങ്ങള്‍

(എത്ര തവണ ടോസ് പരാജയപ്പെട്ടു – കാലഘട്ടം എന്നീ ക്രമത്തില്‍)

14 തവണ – 2025 ജനുവരി – തുടരുന്നു*

9 തവണ – 1948 ജനുവരി – 1951 നവംബര്‍

9 തവണ – 2018 ജൂലൈ – 2018 സെപ്റ്റംബര്‍

9 തവണ – 2021 മാര്‍ച്ച് – 2021 ജൂലൈ

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ 20 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 58 എന്ന നിലയിലാണ്. 64 പന്തില്‍ 37 റണ്‍സുമായി കെ.എല്‍. രാഹുലും 56 പന്തില്‍ 19 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ലിയാം ഡോവ്‌സണ്‍, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍.

Content Highlight: IND vs ENG: India’s longest toss losing streak

We use cookies to give you the best possible experience. Learn more