| Monday, 4th August 2025, 6:10 pm

ഏറ്റവും 'വലിയ' ചെറിയ വിജയം; ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുപോലൊന്ന് ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയില്‍ പിരിഞ്ഞത്. ഓവലില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ സന്ദര്‍ശകര്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നലെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

ആറ് റണ്‍സിനാണ് ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 367ന് പുറത്തായി.

സ്‌കോര്‍

ഇന്ത്യ: 224 & 396
ഇംഗ്ലണ്ട്: 247& 367 (T: 374)

തോല്‍വി മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ അവസാന ദിവസം ഇംഗ്ലണ്ടിന് വിജയിക്കാന്‍ 35 റണ്‍സ് മാത്രം മതിയായിരുന്നു, നാല് വിക്കറ്റുകളും കയ്യിലുണ്ട്. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ മുഹമ്മദ് സിറാജ് തീ തുപ്പിയപ്പോള്‍ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് കൂപ്പുകുത്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ വിജയമാര്‍ജിനാണിത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യ ഒറ്റയക്കത്തിന് വിജയിക്കുന്നതും ഇതാദ്യമായാണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ വിജയമാര്‍ജിന്‍ (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(മാര്‍ജിന്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ആറ് റണ്‍സ് – ഇംഗ്ലണ്ട് – ഓവല്‍ – 2025*

13 റണ്‍സ് – ഓസ്‌ട്രേലിയ – മുംബൈ – 2004

28 റണ്‍സ് – ഇംഗ്ലണ്ട് – കൊല്‍ക്കത്ത – 1972

31 റണ്‍സ് – ഓസ്‌ട്രേലിയ – അഡ്‌ലെയ്ഡ് – 2018

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. 109 പന്ത് നേരിട്ട താരം 57 റണ്‍സ് നേടി മടങ്ങി. ടെസ്റ്റ് ഫോര്‍മാറ്റില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ ആദ്യ 50+ സ്‌കോറായിരുന്നു ഇത്. ഒടുവില്‍ ഇന്ത്യ 224 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.

247 റണ്‍സാണ് ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ നേടാനായത്. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും ബൗളിങ് യൂണിറ്റിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയാത്. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

സാക്ക് ക്രോളി (57 പന്തില്‍ 64), ഹാരി ബ്രൂക്ക് (64 പന്തില്‍ 53), ബെന്‍ ഡക്കറ്റ് (38 പന്തില്‍ 43) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ചു. യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

ജെയ്‌സ്വാള്‍ 164 പന്ത് നേരിട്ട് 118 റണ്‍സുമായി തിളങ്ങി. ആകാശ് ദീപ് 66 റണ്‍സ് നേടിയപ്പോള്‍ സുന്ദറും ജഡജേയും 53 റണ്‍സ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 396 റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യവും കുറിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ടംഗ് ഇംഗ്ലണ്ടിനായി ഫൈഫര്‍ പൂര്‍ത്തിയാക്കി. ഗസ് ആറ്റ്കിന്‍സണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ഓവലിലെ വിജയവും പരമ്പരയും ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ജോ റൂട്ടും ഹാരി ബ്രൂക്കും ഇന്നിങ്‌സ് കെട്ടിയുയര്‍ത്തി. ഇരുവരും സെഞ്ച്വറി നേടി. ബ്രൂക്ക് 98 പന്തില്‍ 11 റണ്‍സും റൂട്ട് 152 പന്തില്‍ 105 റണ്‍സും അടിച്ചെടുത്തു.

മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 35 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതാകട്ടെ നാല് വിക്കറ്റും.

ഇരു ടീമുകള്‍ക്കും തുല്യ ജയസാധ്യത കല്‍പ്പിച്ച മത്സരത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. ജെയ്മി സ്മിത്തിനെയും ജെയ്മി ഓവര്‍ട്ടണിനെയും തന്റെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയാണ് സിറാജ് തിളങ്ങിയത്. ജോഷ് ടംഗിനെ പ്രസിദ്ധും മടക്കിയതോടെ ഇന്ത്യ വിജയത്തിലേക്ക് കൂടുതല്‍ അടുത്തു.

പരിക്കേറ്റ തോളുമായി ക്രിസ് വോക്‌സ് ക്രീസിലെത്തിയതോടെ മത്സരം മറ്റൊരു തലത്തിലേക്ക് കടന്നു. വോക്‌സിനെ പരമാവധി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ തന്നെ നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ചെറുത്തുനിന്നു. എന്നാല്‍ 86ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിന്‍സണെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ഓവലില്‍ വിജയവും കുറിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ സിറാജ് ഫൈഫര്‍ പൂര്‍ത്തിയാക്കി. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: IND vs ENG: India’s closest Test victory

We use cookies to give you the best possible experience. Learn more