| Monday, 4th August 2025, 10:13 pm

വിജയിച്ചിട്ടും വിജയിക്കാന്‍ സാധിക്കാതെ ഇന്ത്യ; കാത്തിരിപ്പ് തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങളായിരുന്നു ഓവലിലെ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിന്റെ അവസാന നിമിഷങ്ങള്‍. അഞ്ചാം ദിവസം ആരംഭിക്കുമ്പോള്‍ നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് വെറും 35 റണ്‍സ്. ഇന്ത്യയ്ക്കാകട്ടെ ആ നാല് വിക്കറ്റുകളും.

വിജയിക്കുന്നത് ആര് തന്നെയാണെങ്കിലും മത്സരം ആദ്യ സെഷനപ്പുറം കടക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ശേഷിച്ച ആ നാല് വിക്കറ്റുകളും കടപുഴക്കിയെറിയുമ്പോള്‍ ഇംഗ്ലണ്ട് വിജയത്തിന് ഏഴ് റണ്‍സ് അകലെയായിരുന്നു.

റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ വിജയ മാര്‍ജിന്‍ കൂടിയായിരുന്നു ഓവലിലേത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

ലീഡ്‌സില്‍ പരമ്പരയിലെ ആദ്യ മത്സരം തോറ്റുകൊണ്ടുതുടങ്ങിയ ഇന്ത്യ, ബെര്‍മിങ്ഹാമിലെ രണ്ടാം മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി. ലോര്‍ഡ്‌സില്‍ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷം പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം മത്സരം സമനിലയിലും അവസാനിച്ചു. വിഖ്യാതമായ ഓവലിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തോല്‍ക്കാതെ കാക്കുകയും ചെയ്തു.

ഓവലില്‍ വിജയിച്ച് പരമ്പര സമനിലയിലെത്തിച്ചെങ്കിലും ഇംഗ്ലണ്ടില്‍ ടെസ്റ്റ് സീരീസ് സ്വന്തമാക്കുക എന്ന ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. 2007ന് ശേഷം ഇന്ത്യയക്ക് ഇതുവരെ ഇംഗ്ലണ്ടില്‍ പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.

20 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചത് വെറും മൂന്ന് തവണ മാത്രം. 14 പരാജയങ്ങള്‍, ഇതില്‍ പലതും ഒറ്റ മത്സരം പോലും വിജയിക്കാതെ തോറ്റ പരമ്പരകള്‍. 2025ലേതടക്കം മൂന്ന് തവണ പരമ്പര സമനിലയിലും അവസാനിച്ചു.

1932ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുന്നത്. വണ്‍ ഓഫ് ടെസ്റ്റിലെ ഏക മത്സരം ഇന്ത്യ പരാജയപ്പെട്ടു. ശേഷം നടന്ന അഞ്ച് പരമ്പരയിലും തോല്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യയുടെ വിധി.

ഏഴാം തവണ പര്യടനത്തിനെത്തിയ 1971ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍ വിജയിക്കുന്നത്. അജിത് വഡേക്കറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി. ശേഷം മൂന്ന് പരമ്പരകള്‍ തോറ്റ ശേഷം 1986ല്‍ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0നും സ്വന്തമാക്കി.

അജിത് വഡേക്കർ

2007ലാണ് ഇന്ത്യ മൂന്നാമതും അവസാനമായും ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കുന്നത്. പ്രഥമ പട്ടൗഡി ട്രോഫിക്കായുള്ള പോരാട്ടത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കുകയായിരുന്നു.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയില്‍ നിന്നും പട്ടൗഡി ട്രോഫി സ്വീകരിക്കുന്ന ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്

2011 നാല് മത്സരങ്ങളുടെ പരമ്പര ഒന്നൊഴിയാതെ പരാജയപ്പെട്ട ഇന്ത്യ 2014ല്‍ 3-1നും 2018ല്‍ 4-1നും പരാജയപ്പെട്ടു.

2021-22ല്‍ വിജയിക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് മുമ്പിലുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലായിരുന്നു. എഡ്ജ്ബാസ്റ്റണിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറി കരുത്തില്‍ ആതിഥേയര്‍ ജയിച്ചുകയറുകയായിരുന്നു.

Content Highlight: IND vs ENG: India never won a Test series after 2007

We use cookies to give you the best possible experience. Learn more