| Friday, 18th July 2025, 11:18 am

ഒരിക്കല്‍പ്പോലും ജയിക്കാത്ത മണ്ണ്, ഇന്ത്യയ്ക്കിത് നരകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ vs ഇംഗ്ലണ്ട്, ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയുടെ നാലാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 1-2ന് മുമ്പിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു.

ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലേതെന്ന പോലെ ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും മാഞ്ചസ്റ്ററിലും ഇതുവരെ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഈ വേദിയില്‍ ഇന്ത്യ ആകെ കളിച്ചത് ഒമ്പത് ടെസ്റ്റുകള്‍. ഇതില്‍ നാല് മത്സരം പരാജയപ്പെട്ടപ്പോള്‍ അഞ്ചെണ്ണം സമനിലയിലും അവസാനിച്ചു.

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ട്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പ്രകടനം

(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)

1936 – സമനില – _

1947 – സമനില – _

1952 – പരാജയം – ഇന്നിങ്‌സിനും 207 റണ്‍സിനും

1959 – പരാജയം – 171 റണ്‍സ്

1971 – സമനില – _

1974 – പരാജയം – 113 റണ്‍സ്

1982 – സമനില – _

1990 – സമനില – _

2014 – പരാജയം – ഇന്നിങ്‌സിനും 54 റണ്‍സിനും

2014ല്‍, ഇന്ത്യ ഒടുവില്‍ മാഞ്ചസ്റ്ററില്‍ കളത്തിലിറങ്ങിയപ്പോള്‍ ബൗളര്‍മാരുടെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ ഇന്ത്യയെ 152 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡ് ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റും നേടി. ക്രിസ് ജോര്‍ദനാണ് ശേഷിച്ച വിക്കറ്റെടുത്തത്.

സ്റ്റുവര്‍ട്ട് ബ്രോഡ്

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയാന്‍ ബെല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 367/9 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സിലും പിഴച്ചു. 161 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 56 പന്തില്‍ 46 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി മോയിന്‍ അലി നാല് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്‌സണും ജോര്‍ദനും രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍ റണ്‍ ഔട്ടായപ്പോള്‍ ക്രിസ് വോക്‌സ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

മോയിന്‍ അലി

ഒരിക്കല്‍ പോലും ജയിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററിലേക്കിറങ്ങുമ്പോള്‍ ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റ് തന്നെയായിരിക്കും ഇന്ത്യയുടെ മനസിലുണ്ടാവുക. ഇതുവരെ വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡിലും ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: IND vs ENG: India never won a test match at Manchester Cricket Ground

We use cookies to give you the best possible experience. Learn more