ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ്.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ: 587 & 427/6d
ഇംഗ്ലണ്ട്: 407 & 72/3 (16/106)
T: 608
ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാന്‍ 90 ഓവറില്‍ 536 റണ്‍സ് വേണം. അതേസമയം, ഇന്ത്യയ്ക്ക് വേണ്ടതാകട്ടെ ഏഴ് വിക്കറ്റുകളും.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റ് വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന് മുമ്പ് ഇന്ത്യ വിജയത്തോട് ഇത്രത്തോളം അടുത്ത അവസരവും ഉണ്ടായിട്ടില്ല.
ഇതിന് മുമ്പ് എട്ട് തവണയാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയത്. ഇതില്‍ ഏഴിലും പരാജയമായിരുന്നു ഫലം. 1986ല്‍ നേടിയ സമനിലയാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍
1967 – പരാജയം – 132 റണ്‍സ്
1974 – പരാജയം – ഇന്നിങ്‌സിനും 78 റസിനും
1979 – പരാജയം – ഇന്നിങ്‌സിനും 83 റണ്‍സിനും
1986 – സമനില
1996 – പരാജയം – എട്ട് വിക്കറ്റ്
2011 – പരാജയം – ഇന്നിങ്‌സിനും 242 റണ്‍സിനും
2018 – പരാജയം – 31 റണ്‍സ്
2022 – പരാജയം – ഏഴ് വിക്കറ്റ്
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്, ആദ്യ ഇരട്ട സെഞ്ച്വറിയും ഇത് തന്നെ.
ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജെയ്‌സ്വാള്‍ (87) എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി തിളങ്ങി.
ഹാരി ബ്രൂക്കിന്റെയും ജെയ്മി സ്മിത്തിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ പൊരുതിയത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 21 ഫോറിന്റെയും നാല് സിക്‌സറിന്റെയും അകടമ്പടിയോടെ പുറത്താകാതെ 184 റണ്‍സ് നേടി. 158 റണ്‍സാണ് ഹാരി ബ്രൂക്ക് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. 17 ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് നാല് വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ വീണ്ടും തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും സ്വന്തമാക്കി. 162 പന്ത് നേരിട്ട് 161 റണ്‍സാണ് താരം സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ (69*), റിഷബ് പന്ത് (65), കെ.എല്‍. രാഹുല്‍ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഒടുവില്‍ 427/6 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
608 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയര്‍ക്ക് ഓപ്പണര്‍ സാക്ക് ക്രോളിയെ പൂജ്യത്തിന് നഷ്ടമായി. 15 പന്തില്‍ 24 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റ്, 16 പന്തില്‍ ആറ് റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളും നാലാം ദിവസം അവസാനിക്കും മുമ്പ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു.
44 പന്തില്‍ 24 റണ്‍സുമായി ഒലി പോപ്പും 15 പന്തില്‍ 15 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Content Highlight: IND vs ENG: India never won a test in Edgbaston