| Sunday, 13th July 2025, 9:55 pm

ലോര്‍ഡ്‌സില്‍ നാലാം ജയം 193 റണ്‍സകലെ; ഇതിഹാസങ്ങള്‍ക്കൊപ്പം ഇതിഹാസമാകാന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 193 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ വിജയം ലക്ഷ്യമാക്കി കുതിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനോ ഇന്ത്യയ്‌ക്കോ ലീഡ് നേടാന്‍ സാധിക്കാതെ പോയതോടെയാണ് 193 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായ ജോ റൂട്ട് തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ടീമിന്റെ ടോപ് സ്‌കോറര്‍.

96 പന്തില്‍ 40 റണ്‍സാണ് റൂട്ട് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 96 പന്ത് നേരിട്ട് 33 റണ്‍സും സ്വന്തമാക്കി.

നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തിലാണ് നാലാം ദിവസം തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജെയ്മി സ്മിത്, ഷോയബ് ബഷീര്‍ എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ ലോര്‍ഡ്സില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്ന സ്വപ്‌ന നേട്ടമാണ് ഗില്ലും സംഘവും ലക്ഷ്യം വെക്കുന്നത്. ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍ 19 മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങി. എന്നാല്‍ വിജയിച്ചത് വെറും മൂന്ന് മത്സരത്തില്‍ മാത്രം. 15.70 എന്ന വിജയശതമാനം മാത്രമാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്കുള്ളത്.

1986ല്‍ കപില്‍ ദേവിന് കീഴിലും 2014ല്‍ എം.എസ്. ധോണിക്ക് കീഴിലും 2021ല്‍ വിരാട് കോഹ്‌ലിക്കുമൊപ്പമാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ ജയം പിടിച്ചടക്കിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 199 പന്ത് നേരിട്ട് 104 റണ്‍സാണ് താരം അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്സ് ടോട്ടലില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

റൂട്ടിന്റെ സെഞ്ച്വറിക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. 177 പന്ത് നേരിട്ട താരം 100 റണ്‍സിന് മടങ്ങി.

112 പന്തില്‍ 74 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും 131 പന്തില്‍ 72 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റുമായി തിളങ്ങി. ബ്രൈഡന്‍ കാര്‍സും ഷോയ്ബ് ബഷീറുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

Content highlight: IND vs ENG: India need 193 runs to win Lords Test

We use cookies to give you the best possible experience. Learn more