ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടി ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. വിഖ്യാതമായ ഓവലാണ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് വേദിയാകുന്നത്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത 32,762ല്‍ ഒന്ന് മാത്രമാണെന്ന് അറിയുമ്പോഴാണ് ഇന്ത്യയുടെ നിര്‍ഭാഗ്യം എത്രത്തോളമാണെന്ന് മനസിലാവുക.
2025 ജനുവരി 28ന് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20യിലാണ് ഇന്ത്യ അവസാനമായി ടോസ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു ഇത്. ഈ മാച്ചില്‍ ഇംഗ്ലണ്ട് 26 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയിലെ അടുത്ത രണ്ട് ടി-20യിലും പര്യടനത്തിലെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല.
തുടര്‍ന്ന് നടന്നത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും സെമിയിലും ഫൈനലിലും ഇന്ത്യ പരാജയമറിയാതെ വിജയിക്കുകയും കിരീടമണിയുകയും ചെയ്തെങ്കിലും ഒറ്റ മത്സരത്തില്‍ പോലും ടോസ് വിജയിച്ചിരുന്നില്ല.
ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ലീഡ്സിലും എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്സിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് മാഞ്ചസ്റ്ററിലും ഇപ്പോള്‍ ഓവലിലും ആ ഭാഗ്യം ലഭിച്ചില്ല.
ഇതിന് മുമ്പ് തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളിലായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യ ടോസ് പരാജയപ്പെട്ടത്, അതും ഒന്നല്ല, മൂന്ന് തവണ.
(എത്ര തവണ ടോസ് പരാജയപ്പെട്ടു – കാലഘട്ടം എന്നീ ക്രമത്തില്‍)
15 തവണ – 2025 ജനുവരി – തുടരുന്നു*
9 തവണ – 1948 ജനുവരി – 1951 നവംബര്‍
9 തവണ – 2018 ജൂലൈ – 2018 സെപ്റ്റംബര്‍
9 തവണ – 2021 മാര്‍ച്ച് – 2021 ജൂലൈ
അതേസമയം, പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1 എന്ന നിലയില്‍ മുമ്പിലാണ്. ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്‌സിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ് ആര്‍മി വിജയിച്ചപ്പോള്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. മാഞ്ചസ്റ്ററില്‍ മത്സരം സമനിലയിലും അവസാനിച്ചു.
വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഓവലില്‍ പ്രതീക്ഷിക്കുന്നില്ല. അഥവാ പരാജയപ്പെടുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഈ പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടപ്പെടും. ഓവലില്‍ വിജയിച്ചാല്‍ 2-2ന് സീരീസ് സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേകബ് ബേഥല്‍, ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്.
Content Highlight: IND vs ENG: India loss toss for 15 consecutive time