| Wednesday, 18th June 2025, 9:09 am

ബൗളിങ്ങ് മൂർച്ച കൂട്ടി ഇന്ത്യ; അവസാന നിമിഷം ടീമിലിടം പിടിച്ച് കൊൽക്കത്തൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ ഹർഷിത് റാണയെ ഒന്നാം ടെസ്‌റ്റിനായി ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിനായി ലീഡ്‌സിലേക്ക് തിരിച്ച ഇന്ത്യൻ സംഘത്തിനൊപ്പം താരവുമുണ്ട്. നാളെയാണ് (ജൂൺ 20) പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

നേരത്തെ, പരമ്പരയ്ക്കായി 18 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. അതിലേക്കാണ് താരത്തിനെയും ചേർത്തിട്ടുള്ളത്. ഹർഷിത് റാണ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന ഒന്നാം അനൗദോഗിക ടെസ്റ്റിൽ കളിച്ചിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഫാസ്റ്റ് ബൗളർക്ക് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഇൻട്രാ സ്‌ക്വാഡ് മത്സരത്തിലും റാണയുണ്ടായിരുന്നു.

റാണ ഇതിനോടകം തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ പരമ്പരയിലെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് താരം ഇന്ത്യൻ വെള്ള കുപ്പായത്തിൽ കളിച്ചത്. തുടർന്ന് ഓവലിൽ നടന്ന ടെസ്റ്റിലും താരത്തിന് അവസരം ലഭിച്ചിരുന്നു. ടെസ്റ്റിന് പുറമെ ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളിലും ഒരു ടി – 20 മത്സരത്തിലും താരം കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ എ സ്‌ക്വാഡിലെ പതിവ് സാന്നിധ്യമായിട്ടും ഇംഗ്ലണ്ടിനെതിരെ സ്‌ക്വാഡിൽ ആദ്യം റാണയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഒന്നാം ടെസ്റ്റിനായി താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയത് ഔദോഗികമായി ബി.സി.സി.ഐ അറിയിച്ചത്. ഒന്നാം ടെസ്റ്റിന് ശേഷം താരം ടീമിൽ തുടരുമോയെന്നും സ്ഥിരീകരണമില്ല.

റാണ കൂടി ടീമിന്റെ ഭാഗമാവുന്നതോടെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഒന്നുകൂടി ശക്തമാവും. നിലവിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ് എന്നീ അഞ്ച് ഫാസ്റ്റ് ബൗളർമാരുണ്ട്. കൂടാതെ പേസ് ഓൾറൗണ്ടർമായി ഷര്‍ദുല്‍ താക്കൂറും നിതീഷ് കുമാര്‍ റെഡ്ഡിയുമാണുള്ളത്.

അതേസമയം, രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ താരതമ്യേനെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ശുഭ്മൻ ഗിൽ നായകനായും റിഷബ് പന്ത് വൈസ് ക്യാപ്റ്റനായുമാണ് ഇന്ത്യൻ ടീം പരമ്പരയ്ക്കായി ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്

Content Highlight: Ind vs Eng: Harshit Rana added to Indian squad for first test

We use cookies to give you the best possible experience. Learn more