| Tuesday, 24th June 2025, 10:14 pm

ആദ്യം സെഞ്ച്വറി നഷ്ടം, ഇപ്പോഴിയതാ ഒരു മോശം നേട്ടത്തിലും; ആരും ആഗ്രഹിക്കാത്ത ലിസ്റ്റിൽ ഇടം പിടിച്ച് ബ്രൂക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ ഉയർത്തിയ 371 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്.

നിലവിൽ 67 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തിട്ടുണ്ട്. നിലവിൽ ജോ റൂട്ടും (50 പന്തിൽ 26) ബെൻ സ്റ്റോക്സുമാണ് (49 പന്തിൽ 32) ക്രീസിലുള്ളത്.

ബെൻ ഡക്കറ്റ്, സാക്ക് ക്രോളി, ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്കായി പ്രസീദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇരുവരും രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.

മത്സരത്തിൽ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ബ്രൂക്ക് ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. ഷർദുൽ താക്കൂറിന്റെ പന്തിൽ റിഷബ് പന്തിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ബ്രൂക്ക് 99 റൺസാണ് നേടിയിരുന്നത്. ഇതോടെ ഒരു മോശം നേട്ടത്തിൽ താരം തന്റെ പേര് എഴുതി ചേർത്തു. ഒരു ടെസ്റ്റ് മത്സരത്തിൽ 99 റൺസിനും ഡക്കിനും പുറത്താവുന്ന താരങ്ങളുടെ ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്.

ഒരു ടെസ്റ്റ് മത്സരത്തിൽ 99 റൺസിനും ഡക്കിനും പുറത്താവുന്ന താരങ്ങൾ

(താരം – ടീം – എതിരാളി – വേദി – വർഷം എന്നീ ക്രമത്തിൽ

പങ്കജ് റോയ് – ഇന്ത്യ – ഓസ്ട്രേലിയ – ദൽഹി – 1959

മുഷ്താഖ് മുഹമ്മദ് – പാകിസ്ഥാൻ – ഇംഗ്ലണ്ട് – കറാച്ചി – 1973

മിസ്ബ-ഉൽ-ഹഖ് – പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് – ബാർബഡോസ് – 2017

ബാബർ അസം – പാകിസ്ഥാൻ – ഓസ്ട്രേലിയ – അബുദാബി – 2018

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – ഇന്ത്യ – ലീഡ്സ് – 2025

ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ചേർന്ന് ഓപ്പണിങ്ങിൽ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയിരുന്നത്. ഇരുവരും ചേർന്ന് 188 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഡക്കറ്റ് 170 പന്തിൽ 149 റൺസ് നേടി പുറത്തായപ്പോൾ ക്രോളി 126 പന്തിൽ 65 റൺസാണ് നേടിയത്. മൂന്നാമനായി ഇറങ്ങിയ പോപ്പിന് എട്ട് പന്തിൽ എട്ട് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

Content Highlight: Ind vs Eng: Harry Brook joins an unwanted list in Test Cricket

We use cookies to give you the best possible experience. Learn more