ടെൻഡുൽക്കർ – ആൻഡേഴ്സൺ പരമ്പരയിലെ രണ്ടാം ടെസ്റ്റിനായാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെ (ബുധൻ) ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഈ മത്സരത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. ജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കാനാണ് ഗില്ലും കൂട്ടരും ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുന്നിലാണ്.
ഇപ്പോൾ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പ്ലെയിങ് ഇലവനെയും അതിൽ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യൻ ടീമിലെ ആദ്യ അഞ്ച് പേര് അതുപോലെ തുടരണമെന്നും മൂന്നാം നമ്പറിൽ സായ് സുദർശന് ഒരു അവസരം കൂടെ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ആറാം നമ്പറിൽ കരുൺ നായർക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തണമെന്നും ടീമിന്റെ ആവശ്യം പരിഗണിക്കുമ്പോൾ നിതീഷാണ് മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കുൽദീപ് യാദവിനെയും അർഷദീപ് സിങ്ങിനെയും ടീമിൽ ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.
‘ഇന്ത്യൻ പ്ലെയിങ് ഇലവനിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. യശസ്വി ജെയ്‌സ്വാളും കെ.എൽ രാഹുലും ഓപ്പണിങ്ങിൽ തുടരുമ്പോൾ സായ് സുദർശൻ തന്നെ മൂന്നാമത് എത്തട്ടെ. ഒരു മത്സരത്തിന് ശേഷം ഒഴിവാക്കാതെ അവന് പിന്തുണ നൽകേണ്ടതുണ്ട്. നാലും അഞ്ചും ശുഭമൻ ഗില്ലും റിഷാബ് പന്തും തന്നെ വരട്ടെ.
ആറാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് അവസരം നൽകണം. കരുൺ നായർക്ക് ഒരു അവസരം നൽകണമെന്ന് വാദിക്കുന്നവരുണ്ടാവാം ടീമിന്റെ ആവശ്യം പരിഗണിക്കുമ്പോൾ നിതീഷാണ് മികച്ചത്. അവൻ ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയും. ഏഴാമത്, വാഷിംഗ്ടൺ സുന്ദറോ ജഡേജയെ എത്തുമ്പോൾ കുൽദീപ് യാദവും അർഷദീപ് സിങ്ങിനെയും ടീമിൽ ഉൾപ്പെടുത്തണം,’ ഹർഭജൻ പറഞ്ഞു.
ഹർഭജൻ സിങ് തെരഞ്ഞെടുത്ത ഇന്ത്യൻ പ്ലെയിങ് ഇലവൻ:
യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, ശുഭമൻ ഗിൽ, റിഷബ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ/ വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്
Content Highlight: Ind vs Eng: Harbhajan Singh Suggests that Sai Sudharshan should give another chance while Replace Karun Nair with Nitish Kumar Reddy