| Friday, 20th June 2025, 1:04 pm

കരുൺ നായർ പുറത്ത്, മൂന്നാമൻ സായ്; ഇന്ത്യൻ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് ഹർഭജൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. താരത്തിന്റെ ടീമിൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായർക്ക് ഇടം കണ്ടെത്താനായില്ല. തന്റെ ടീമിൽ ഹർഭജൻ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പണിങ്ങിൽ കെ.എൽ രാഹുലും യശസ്വി ജെയ്‌സ്വാളുമെത്തിയപ്പോൾ മൂന്നാമൻ സായ് സുദർശനാണ്. നാലും അഞ്ചും സ്ഥാനങ്ങളിൽ നായകൻ ശുഭ്മൻ ഗില്ലും റിഷബ് പന്തും ഇറങ്ങുമ്പോൾ ആറാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. രണ്ടാം സ്പിന്നറായി കുൽദീപ് യാദവും ടീമിലുണ്ട്. പേസർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമുണ്ട്.

ഹർഭജൻ സിങ്ങിന്റെ ഇന്ത്യൻ പ്ലെയിങ് ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജെയ്സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ, റിഷബ് പന്ത്, ഷർദുൽ താക്കൂർ/ നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്/പ്രസിദ്ധ് കൃഷ്ണ

പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തതിനൊപ്പം തന്നെ ടീം ഇന്ത്യ താരതമ്യേന ചെറുപ്പമാണെങ്കിലും ഇംഗ്ലണ്ടിനെതിരെ കടുത്ത പോരാട്ടം കാഴ്ച വെക്കുമെന്ന് ഹർഭജൻ പ്രതീക്ഷ പങ്കുവെച്ചു. ബൗൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്ററെയാണ് ആവശ്യമെങ്കിൽ നിതീഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളറെയാണ് വേണ്ടതെങ്കിൽ താക്കൂറിനെ ഉൾപ്പെടുത്തണമെന്ന് ഹർഭൻ കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് താരം അഭിപ്രായം പറഞ്ഞത്.

‘ചെറുപ്പവും അനുഭവപരിചയവുമില്ലാത്തവരായി തോന്നാമെങ്കിലും, ടീം ഇന്ത്യ അവരുടെ കഴിവും കരുത്തും കളിക്കളത്തിൽ പ്രകടിപ്പിക്കും. ഇംഗ്ലണ്ടിനെതിരെ അവർ മികച്ചൊരു പോരാട്ടം പുറത്തെടുക്കും.

ഇന്ത്യൻ ടീമിന് ബൗൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്ററെയാണ് ആവശ്യമെങ്കിൽ റെഡ്ഡിയെ തെരഞ്ഞെടുക്കണം. അവനെ ഒരു ദിവസം 10-15 ഓവറെങ്കിലും എറിയിക്കണം. ഇനി ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളറാണ് എത്തുന്നതെങ്കിൽ ഷാർദുൽ ടീമിൽ ഉൾപ്പെടുത്താം. പക്ഷേ അവൻ ടീമിലെത്തിയാൽ ബാറ്റിങ് അൽപം ദുർബലമായേക്കാം,’ ഹർഭജൻ പറഞ്ഞു.

Content highlight: Ind vs Eng: Harbhajan Singh selects Indian Playing Eleven for first test against England and excludes Karun Nair

We use cookies to give you the best possible experience. Learn more