| Tuesday, 22nd July 2025, 10:08 am

കരുണ്‍ എന്ത് കുറ്റമാണ് ചെയ്തത്? പിന്തുണയുമായി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയാണ് ക്രിക്കറ്റ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ആവേശവും വീറും വാനോളമുള്ള പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലാണ്.

പരമ്പര സമനിലയിലാക്കാനും പ്രതീക്ഷ നിലനിര്‍ത്താനും ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ വിജയം അനിവാര്യമാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് പല സീനിയര്‍ താരങ്ങളും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങിയ കരുണ്‍ നായരെ മാറ്റി സായ് സുദര്‍ശനെ തന്നെ കളിപ്പിക്കണമെന്നായിരുന്നു പലരുടെയും നിര്‍ദേശം. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

കരുണ്‍ വലിയ സ്‌കോറുകള്‍ കണ്ടെത്തിയില്ലെങ്കിലും താരം തന്നെ ടീമില്‍ കളിക്കണമെന്നും മറ്റുള്ളവരെ പോലെ താരവും ഒരു അവസരം കൂടെ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായ് സുദര്‍ശന് ഒരു അവസരം മാത്രം നല്‍കിയത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്ന് മത്സരങ്ങളില്‍ കളിപ്പിച്ചതിനാല്‍ ഇനിയും കരുണ്‍ തന്നെ കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിങ്.

‘അതെ, കരുണ്‍ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിട്ടില്ല. പക്ഷെ ഇപ്പോള്‍ അവനൊരു അവസരം നല്‍കിയതിനാല്‍ കുറച്ച് കാലം കൂടി അവനെ നിലനിര്‍ത്തണം. എല്ലാവരും ന്യായമായ അവസരം അര്‍ഹിക്കുന്നു.

മുമ്പ് കെ.എല്‍. രാഹുലും ശുഭ്മന്‍ ഗില്ലും അവസരം അര്‍ഹിച്ചത് പോലെ കരുണും ഇപ്പോള്‍ അത് അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം നല്‍കുന്നതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡമായിരിക്കണം. മറ്റുള്ളവര്‍ക്ക് അഞ്ചും ആറും അവസരങ്ങള്‍ ലഭിച്ചെങ്കില്‍ കരുണ്‍ എന്ത് തെറ്റാണ് ചെയ്തത്?

സായ് സുദര്‍ശന് ഒരു അവസരം മാത്രം നല്‍കിയത് ന്യായീകരിക്കാനാവില്ല. പക്ഷേ, ഇതുവരെ കരുണിനെ കളിപ്പിച്ചതിനാല്‍ ഇനിയും അവന്‍ തന്നെ തുടരട്ടെ,’ ഹര്‍ഭജന്‍ പറഞ്ഞു.

Content Highlight: Ind vs Eng: Harbhajan Singh backs Karun Nair

We use cookies to give you the best possible experience. Learn more