| Sunday, 27th July 2025, 3:49 pm

സ്റ്റോക്‌സിനേക്കാള്‍ മുന്നിലാണ് അവന്‍; മികച്ച ഓള്‍ റൗണ്ടറെ തെരഞ്ഞെടുത്ത് കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 669 റണ്‍സ് മറികടന്നില്ലെങ്കിലും ഇന്നത്തെ ദിവസം പിടിച്ചു നിന്നാല്‍ മത്സരം സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി ക്രീസിലുള്ളത് കെ.എല്‍ രാഹുലും ശുഭ്മന്‍ ഗില്ലുമാണ്. ഗില്‍ 167 പന്തില്‍ നിന്ന് 10 ഫോര്‍ ഉള്‍പ്പെടെ 78 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 210 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 87 റണ്‍സും രാഹുല്‍ നേടി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ബെന്‍ സ്റ്റോക്‌സ് നടത്തിയത്. ഇന്ത്യയ്‌ക്കെതിരെ 141 റണ്‍സ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല പരമ്പരയില്‍ 229 വിക്കറ്റുകള്‍ നേടാനും ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗഡര്‍ രവീന്ദ്ര ജഡേജ സ്റ്റോക്‌സിനേക്കാള്‍ മുന്നിലാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. മാത്രമല്ല ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സമയം നല്‍കണമെന്നും കപില്‍ ദേവ് പറഞ്ഞു. മാത്രമല്ല ഇന്ത്യയുടേത് യുവ ടീമാണെന്നും ഭാവിയില്‍ ടീം വിജയങ്ങള്‍ നേടുമെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

‘താരതമ്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സ്റ്റോക്‌സ് ഒരു മികച്ച ഓള്‍റൗണ്ടറാണ്. എന്നിരുന്നാലും ജഡേജ ഇപ്പോഴും മുന്നിലാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

മാത്രമല്ല ഗില്ലിന് സമയം നല്‍കേണ്ടത് അനിവാര്യമാണ്. ഇത് അവന്റെ ആദ്യ പരമ്പരയാണ്, അതിനാല്‍ തെറ്റുകള്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമാണ്. തിരിച്ചറിവുകളില്‍ നിന്ന് ധാരാളം പോസിറ്റീവുകള്‍ ഉണ്ടാകും. ഭാവിയില്‍ അവന്‍ പഠിക്കും. ഇതൊരു യുവ ടീമാണ്, അവര്‍ക്ക് കളിക്കാന്‍ വിലപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഭാവിയില്‍, ഈ കളിക്കാര്‍ വിജയിക്കും. ഓരോ പുതിയ ടീമിനും പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണ്,’ കപില്‍ ദേവ് പറഞ്ഞു.

Content Highlight: Ind VS Eng: Former Indian captain Kapil Dev picks the best all-rounder

We use cookies to give you the best possible experience. Learn more