ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ റണ്‍സിന് 170 പുറത്തായി. അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ആതിഥേയരുടെ വിജയം. അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
സ്‌കോര്‍
ഇംഗ്ലണ്ട്: 387 & 192
ഇന്ത്യ: 387 & 170 (T: 193)
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് 200 റണ്‍സ് മറികടക്കാന്‍ സാധിക്കാതെ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത്. ഇതില്‍ ഒന്നൊഴികെ എല്ലാ മത്സരവും എതിരാളികളുടെ തട്ടകത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
(വിജയലക്ഷ്യം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
120 – വെസ്റ്റ് ഇന്‍ഡീസ് – ബാര്‍ബഡോസ് – 1997
176 – ശ്രീലങ്ക – ഗല്ലെ – 2015
194 – ഇംഗ്ലണ്ട് – ബെര്‍മിങ്ഹാം – 2018
147 – ന്യൂസിലാന്‍ഡ് – മുംബൈ – 2024
193 – ഇംഗ്ലണ്ട് – ലോര്‍ഡ്‌സ് – 2025*
ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ 200ല്‍ താഴെയുള്ള വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ പരാജയപ്പെടുന്നത്.
2024ല്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും പരാജയപ്പെടേണ്ടി വന്നത്. ഇതിന് പിന്നാലെ പരമ്പരയിലും ആതിഥേയര്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഒരു പതിറ്റാണ്ടിലധികം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ഇന്ത്യയുടെ കുത്തകയും ഇതോടെ തകര്‍ന്നു.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. നാലാം ദിവസത്തെ മത്സരം പൂര്‍ത്തിയാകും മുമ്പേ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപുമടക്കമുള്ള നാല് വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
അഞ്ചാം ദിവസം തുടക്കത്തിലേ റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടു. 41/1 എന്ന നിലയില്‍ നിന്നും 82/7 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ ഒരു വശത്ത് നിന്ന് രവീന്ദ്ര ജഡേജ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും കൈവന്നു.
അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യത്തിന് 22 റണ്‍സകലെ ഇന്ത്യയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതവും നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ജൂലൈ 23നാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.
Content highlight: IND vs ENG: For the 5th time India failed to chase a target under 200 in Tests