| Monday, 14th July 2025, 9:30 pm

ജയമുറപ്പിച്ച മത്സരം ഇങ്ങനെ തോല്‍ക്കാം! ലോര്‍ഡ്‌സ് കീഴടക്കാനാകാതെ ഗില്ലിന്റെ പതനം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന്  പുറത്തായി. അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ആതിഥേയരുടെ വിജയം

സ്‌കോര്‍

ഇംഗ്ലണ്ട്: 387 & 192

ഇന്ത്യ: 387 & 170 (T: 193)

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് 387 റണ്‍സടിച്ചത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്‌സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്‌സ് ടോട്ടലില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

റൂട്ടിന്റെ സെഞ്ച്വറിക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ മറുപടി നല്‍കിയത്. 177 പന്ത് നേരിട്ട താരം 100 റണ്‍സിന് മടങ്ങി.

112 പന്തില്‍ 74 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും 131 പന്തില്‍ 72 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. ഒടുവില്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാന്‍ സാധിക്കാതെ ഇന്ത്യയും 387ന് പുറത്തായി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും രണ്ട് വിക്കറ്റുമായി തിളങ്ങി. ബ്രൈഡന്‍ കാര്‍സും ഷോയ്ബ് ബഷീറുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും തൊട്ടതെല്ലാം പാളിയിരുന്നു. 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ടിനോ അര്‍ധ സെഞ്ച്വറികള്‍ അടിച്ചെടുത്ത ജെയ്മി സ്മിത്തിനോ ബ്രൈഡന്‍ കാര്‍സിനോ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഒടുവില്‍ ടീം 192 എന്ന ചെറിയ സ്‌കോറില്‍ പുറത്തായി.

വാഷിങ്ടണ്‍ സുന്ദറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ആതിഥേയരെ ചെറിയ സ്‌കോറിന് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കോ ഇംഗ്ലണ്ടിനോ ലീഡ് നേടാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യയ്ക്ക് മുമ്പില്‍ 193 എന്ന വിജയലക്ഷ്യം കുറിക്കപ്പെട്ടു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജെയ്‌സ്വാളിനെ തുടക്കത്തിലേ നഷ്ടമായി. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഓപ്പണര്‍ മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ കരുണ്‍ നായരിനെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ടിനും ആതിഥേയര്‍ ആയുസ് നല്‍കിയില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ കരുണ്‍ നായരിനെ മടക്കി ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ട് പൊളിച്ചു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ ആറ്) ബ്രൈഡന്‍ കാര്‍സും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ (11 പന്തില്‍ ഒന്ന്) ബെന്‍ സ്റ്റോക്‌സും പുറത്താക്കിയതോടെ ഇന്ത്യ 58/4 എന്ന നിലയില്‍ നാലാം ദിവസം അവസാനിപ്പിച്ചു.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. റിഷബ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പിന്നാലെ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 39 റണ്‍സിനാണ് രാഹുല്‍ പുറത്തായത്.

വാഷിങ്ടണ്‍ സുന്ദറിനെ ഒരു കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. ജഡേജയ്‌ക്കൊപ്പം ചെറുത്തുനിന്ന നിതീഷ് കുമാര്‍ റെഡ്ഡിയെയും അധികം വൈകാതെ ടീമിന് നഷ്ടമായി.

സമ്മര്‍ദഘട്ടത്തില്‍ രവീന്ദ്ര ജഡേജ തന്റെ പരിചയസമ്പന്നത വ്യക്തമാക്കിക്കൊണ്ട് ബാറ്റ് വീശി. മുഹമ്മദ് സിറാജിനെ ഒപ്പം കൂട്ടി പത്താം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ജഡേജ റണ്‍സ് ഉയര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു സിറാജിന്റെ ദൗത്യം. താരമത് മികച്ച രീതിയില്‍ നിറവേറ്റുകയും ചെയ്തിരുന്നു.

ചായയ്ക്ക് പിരിയും മുമ്പേ നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജ ഇന്ത്യയുടെ പ്രതീക്ഷകള്‍ കെടാതെ കാത്തു. എന്നാല്‍ വിജയത്തിലേക്കെത്തിക്കാന്‍ മാത്രം ജഡ്ഡുവിന് സാധിച്ചില്ല.

വിജയത്തിന് 23 റണ്‍സകലെ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ പുറത്താകാതെ 61 റണ്‍സുമായി തലകുനിച്ച് നില്‍ക്കാന്‍ മാത്രമാണ് ജഡേജയ്ക്ക് സാധിച്ചത്.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതവും നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

ജൂലൈ 23നാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

Content Highlight: IND vs ENG: England defeated India in 3rd Test

We use cookies to give you the best possible experience. Learn more