ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ്.
ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാന്‍ 90 ഓവറില്‍ 536 റണ്‍സ് വേണം. അതേസമയം, അഞ്ചാം ദിവസം ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെറിയാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി ബെര്‍മിങ്ഹാമില്‍ ടെസ്റ്റ് വിജയം നേടാം.
വിജയം എന്ന ലക്ഷ്യത്തേക്കാളുപരി സമനില നേടാനാകും ഇംഗ്ലണ്ട് ശ്രമിക്കുക. ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴാതെ പിടിച്ചുനിന്നാല്‍ ബെര്‍മിങ്ഹാമില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയോട് തോറ്റിട്ടില്ല എന്ന നേട്ടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും.
ഇപ്പോള്‍ അഞ്ചാം ദിവസത്തെ ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ ബാറ്റിങ് പരിശീലകന്‍ മാര്‍കസ് ട്രസ്‌കോതിക്. സമനില എന്നത് ഒരു ഓപ്ഷനായി തങ്ങളുടെ മുമ്പിലുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
മാര്‍കസ് ട്രസ്‌കോതിക്
‘ഓരോ സാഹചര്യങ്ങളും വെല്ലുവിളി ഉണര്‍ത്തുന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അതെ ഇക്കാര്യം തീര്‍ച്ചയായും പരിഗണിക്കുകയും വേണം. മത്സരം സമനിലയിലേക്കെങ്കിലും എത്തിക്കാന്‍ സാധിച്ചാല്‍, അത് തീര്‍ച്ചയായും ഒരു ഓപ്ഷന്‍ തന്നെയാണ്.
മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്നിരിക്കെ വിജയം അല്ലെങ്കില്‍ പരാജയം എന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാന്‍ ഞങ്ങള്‍ മണ്ടന്‍മാരല്ലല്ലോ! മുമ്പത്തെ അപേക്ഷിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ചെയ്തിട്ടുള്ളത്, എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം,’ ട്രസ്‌കോതിക് പറഞ്ഞു.
എന്നാല്‍ ടീം സമനില ലക്ഷ്യം വെച്ച് കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അത്തരമൊരു ഭാഷ ഉപയോഗിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. അത്തരമൊരു അന്തരീക്ഷമല്ല ഡ്രസ്സിങ് റൂമിലുള്ളത്. എന്നാല്‍ മുമ്പിലുള്ളത് വലിയ ലക്ഷ്യമാണെന്ന് മനസിലാക്കാതിരിക്കാന്‍ ഞങ്ങള്‍ അത്രകണ്ട് നിഷ്‌കളങ്കരൊന്നുമല്ല.
ചില താരങ്ങള്‍ സമനില ലക്ഷ്യം വെച്ചുള്ള സമീപനം സ്വീകരിച്ചേക്കാം. എല്ലാത്തിലുമുപരി താരങ്ങള്‍ എങ്ങനെ കാര്യങ്ങളോട് പൊരുത്തപ്പെടുന്നു സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മുന്‍കാലങ്ങളിലുള്ളതിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമിലുള്ളത്,’ ട്രസ്‌കോതിക് പറഞ്ഞു.
Content Highlight: IND vs ENG: England batting coach Marcus Trescothick about team’s strategy