| Tuesday, 24th June 2025, 6:32 pm

നിലയുറപ്പിച്ച് ഡക്കറ്റ് - ക്രോളി സഖ്യം, കരുത്ത് കാട്ടാനാവാതെ ബുംറയും സംഘവും; ജയിക്കാൻ ഇന്ത്യ വിയർക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരിക്കുന്നത്.

നിലവിൽ 30 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിൽ ബാറ്റിങ് തുടരുകയാണ്. ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നിലവിൽ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റുകൾ ഒന്നും നഷ്ടമാവാതെ ഇംഗ്ലണ്ട് 117 റൺസ് നേടിയിട്ടുണ്ട്. 69 ഓവറുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 263 റൺസ് കൂടെ നേടേണ്ടതുണ്ട്.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത് അർധ സെഞ്ച്വറി നേടി ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർ ബെൻ ഡക്കറ്റാണ്. താരം ഇതുവരെ 89 പന്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. 45.16 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന ഡക്കറ്റ് നാല് ഫോറുകളാണ് നേടിയത്. മറ്റൊരു ഓപ്പണർ സാക്ക് ക്രോളിയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന്റെ സ്കോർ ചലിപ്പിക്കുന്നുണ്ട്. 92 പന്തിൽ 42 റൺസുമായാണ് താരം ബാറ്റ് ചെയ്യുന്നത്. താരം എട്ട് ഫോറുകളാണ് തന്റെ ഇന്നിങ്സിൽ നേടിയത്.

പതിവുപോലെ ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന് നേതൃത്വം നൽകുന്നത് ജസ്പ്രീത് ബുംറയാണ്. ഇന്ത്യൻ ബൗളർമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇതുവരെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. വരും സെഷനുകളിൽ ഇവരുടെ കൂട്ടുകെട്ട് തകർക്കാനും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാനുമാകും ഇന്ത്യയുടെ ലക്ഷ്യം.

നേരത്ത, ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇരുവരും സെഞ്ച്വറി നേടിയായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

രാഹുലിന് പുറമെ വൈസ് ക്യാപ്റ്റൻ റിഷബ് പന്തും ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. 140 പന്ത് നേരിട്ട് 118 റൺസാണ് പന്ത് രണ്ടാം ഇന്നിങ്‌സിൽ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

മറ്റാർക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ലായിരുന്നു. മധ്യ നിരയിൽ കരുൺ നായരും (20 റൺസ്) ഷാർദുൽ താക്കൂറും (4 റൺസ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലർത്താൻ സാധിക്കാതെയാണ് മടങ്ങിയത്. പന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റൺസിനാണ് മടങ്ങിയത്.

അതേസമയം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡൻ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീർ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സിൽ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.

Content Highlight: Ind vs Eng: Day 5 updates: England’s openers capitalizing in Day five

We use cookies to give you the best possible experience. Learn more