എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ 180 റൺസിന്റെ ലീഡ് ഇന്ത്യ സ്വന്തക്കിയിരുന്നു. ഇതോടെ 608 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ വെച്ചു നീട്ടിയത്.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 162 പന്തില്‍ എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 161 റണ്‍സാണ് താരം നേടിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഗില്‍ 269 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ മത്സരത്തിലും ഗിൽ സെഞ്ച്വറി നേടിയിരുന്നു.
ഗില്ലിന് പുറമെ വൈസ് ക്യാപ്റ്റൻ റിഷബ് പന്ത് വെടിക്കെട്ട് പ്രകടനവും കാഴ്ച്ച വെച്ചിരുന്നു. 58 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു പന്ത് നേടിയത്. ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും താരം സെഞ്ച്വറി നേടിയിരുന്നു.
ഇപ്പോൾ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലിയോഡ്. ലോകോത്തര താരങ്ങളെ പകരം വെക്കാനാവില്ലെന്ന് പൊതുവെ പറയുണ്ടെങ്കിലും ഗിൽ അനായാസമായി വിരാട് കോഹ്‌ലിയെ മാറ്റി സ്ഥാപിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ എപ്പോഴും മത്സരത്തിൽ ആവേശം കൊണ്ടുവരുന്ന റിഷബ് പന്ത് എം.എസ്. ധോണിക്ക് ശേഷം അവൻ ഇന്ത്യൻ ക്രിക്കറ്റിനെ മറ്റൊരു തലത്തിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ഡെയ്‌ലി മൈലിലെ തന്റെ കോളത്തിലാണ് ഡേവിഡ് ലിയോഡ് ഇക്കാര്യം എഴുതിയത്.
‘ലോകോത്തര താരങ്ങളെ പകരം വെക്കാനാവില്ലെന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ അത് അങ്ങനെയാണോ? ഇത് ‘രാജാവ് മരിച്ചു, രാജാവ് നീണാൾ വാഴട്ടെ’ എന്ന ചൊല്ലിന് മികച്ച ഉദാഹരമാണ്.
പുതിയ കാലത്തെ ഏറ്റവും മികച്ച ബാറ്ററായ വിരാട് കോഹ്‌ലിയെ അനായാസമായി മാറ്റിസ്ഥാപിക്കാൻ ശുഭ്മൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. അത് മികവോടെയാണ് അവൻ ചെയ്തത്.
അതേസമയം, റിഷബ് പന്ത് എപ്പോഴും കളിയിൽ ആവേശം കൊണ്ടുവരുന്നു. എം.എസ്. ധോണിക്ക് ശേഷം അവൻ ഇന്ത്യൻ ക്രിക്കറ്റിനെ മറ്റൊരു തലത്തിലെത്തിച്ചു,’ ലിയോഡ് പറഞ്ഞു.
അതേസമയം, രണ്ടാം മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 16 ഓവറുകൾ പിന്നിടുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്. ഒലി പോപ്പും (44 പന്തിൽ 24), ഹാരി ബ്രൂക്കുമാണ് (15 പന്തിൽ 15) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.
സാക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവരെയാണ് ത്രീ ലയൺസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന ഒരു വിക്കറ്റെടുത്തത് മുഹമ്മദ് സിറാജാണ്.
Content Highlight: Ind vs Eng: David Lloyd praises Shubhman Gill and Rishabh Pant