| Tuesday, 1st July 2025, 11:41 pm

ബുംറയല്ല, ഈ താരമാണ് ഇന്ത്യയുടെ ട്രംപ് കാർഡ്; തെരഞ്ഞെടുപ്പുമായി ബ്രാഡ് ഹോഗ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. നാളെയാണ് (ബുധൻ) രണ്ടാം മത്സരം ആരംഭിക്കുക. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യ ടീമിൽ അർഷ്ദീപ് സിങ്ങിനെ ഉൾപ്പെടുത്തണമെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഇന്ത്യയ്ക്ക് ധാരാളം നല്ല ബൗളർമാരുണ്ടെന്നും ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ ട്രംപ് കാർഡെന്നും അദ്ദേഹം പറഞ്ഞു.

കുൽദീപ് യാദവിനെ കളിപ്പിക്കുന്നില്ലെങ്കിൽ ബൗളിങ്ങിൽ വൈവിധ്യം കൊണ്ടുവരാൻ അർഷ്ദീപ് സിങ്ങിനെ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹോഗ്.

‘ഇന്ത്യയ്ക്ക് ധാരാളം നല്ല ബൗളർമാരുണ്ട്. അവരുടെ ടീമിൽ ഒരു പ്രത്യേക കളിക്കാരനുണ്ട്: ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അർഷ്ദീപ് സിങ്. അവൻ ടെസ്റ്റ് കളിച്ചിട്ടില്ല. പക്ഷേ അവനാണ് എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ട്രംപ് കാർഡ്. ഇടംകൈയ്യൻ സ്പിൻ ബൗളറായ കുൽദീപ് യാദവിനെ കളിപ്പിക്കുന്നില്ലെങ്കിൽ ബൗളിങ്ങിൽ വൈവിധ്യം കൊണ്ടുവരാൻ അവർ അർഷ്ദീപ് സിങ്ങിനെ ഉപയോഗിക്കണം,’ ബ്രാഡ് ഹോഗ് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മൻ ഗില്ലിന് വിജയത്തോടെ തുടങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Brad Hogg says that Arshdeep Singh is the real trump card of Indian Team

We use cookies to give you the best possible experience. Learn more