ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടെസ്റ്റ് ടീം. ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ (ജൂൺ 20) ലീഡ്‌സിൽ തുടക്കമാവും. അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ വേൾഡ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുന്നത്.
രോഹിത് ശർമ വിരമിച്ചതോടെ നായകനായ ഗില്ലിന്റെ ലക്ഷ്യം ഇന്ത്യയ്ക്ക് മോശം ട്രാക്ക് റെക്കോഡുള്ള ഇംഗ്ലണ്ടിൽ ഒരു പരമ്പര വിജയമാണ്. അതിന് താരത്തിന് കൂടായി വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ റിഷബ് പന്തുമുണ്ട്.
രോഹിതിനൊപ്പം വിരാട് കോഹ്‌ലിയും വിരമിച്ചതോടെ താരതമ്യേന പരിചയക്കുറവുള്ള ഒരു സംഘമാണ് ഇന്ത്യൻ നിരയിലുള്ളത്. കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ.
ഇവരിൽ ഇന്ത്യയുടെയും ഗില്ലിന്റെയും ബൗളിങ് യൂണിറ്റിനെ നയിക്കുക ജസ്പ്രീത് ബുംറയായായിരിക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വജ്രായുധം താരം തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ബുംറയെ തങ്ങൾ പേടിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്.
തങ്ങൾക്ക് ബുംറയുടെ നിലവാരമെന്താണെന്നും അവന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയുടെ ഫലം തീരുമാനിക്കാൻ കഴിയുന്ന ഒരു താരം ഇന്ത്യൻ ടീമിലോ ഇംഗ്ലണ്ട് ടീമിലോ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ഇംഗ്ലണ്ട് നായകൻ കൂട്ടിച്ചേർത്തു.
‘ഞങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ബുംറയുടെ നിലവാരമെന്താണെന്ന് അറിയാം. അതുപോലെ അവന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും. അതുകൊണ്ട് ഞങ്ങൾ അവനെ പേടിക്കുന്നില്ല.
ഒരു ബൗളറെക്കൊണ്ട് മാത്രം ഒരു ടീമിനേയും പരമ്പര ജയിപ്പിക്കാനാവില്ല. അതിന് ടീമിലെ 11 താരങ്ങളും സംഭാവന ചെയ്യേണ്ടതുണ്ട്. പരമ്പരയുടെ ഫലം തീരുമാനിക്കാൻ കഴിയുന്ന ഒരു താരം ഇന്ത്യൻ ടീമിലോ ഇംഗ്ലണ്ട് ടീമിലോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല,’ സ്റ്റോക്സ് പറഞ്ഞു.
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlight: Ind vs Eng: Ben Stokes says that England did not fear Jasprit Bumrah