ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ലണ്ടനിലെ ഓവലാണ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് വേദിയാകുന്നത്.
പരമ്പര സ്വന്തമാക്കാന്‍ സമനില മാത്രം മതിയെന്നിരിക്കെ വന്‍ തിരിച്ചടിയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നിരിക്കുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ആതിഥേയരെ വലച്ചിരിക്കുന്നത്. വലതുതോളിന് പരിക്കേറ്റ സ്റ്റോക്‌സ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ല.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്റ്റോക്‌സായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ബൗളിങ്ങില്‍ ഫൈഫര്‍ നേടിയ താരം ബാറ്റിങ്ങില്‍ സെഞ്ച്വറിയും നേടി.
ബെന്‍ സ്റ്റോക്‌സിന് പുറമെ ജോഫ്രാ ആര്‍ച്ചര്‍, ലിയാം ഡോവ്‌സണ്‍, ബ്രൈഡന്‍ കാര്‍സ് എന്നിവരും അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങില്ല.
ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഒലി പോപ്പാണ് ഓവലില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്.
പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് അഞ്ചാം മത്സരത്തില്‍ വിജയം അനിവാര്യമാണ്. നാല് ടെസ്റ്റുകള്‍ക്ക് ശേഷം 2-1 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലെത്തിക്കാം.
സ്‌റ്റോക്‌സും ആര്‍ച്ചറും അടക്കമുള്ള മാച്ച് വിന്നേഴ്‌സിന്റെ അഭാവം മുതലെടുക്കാന്‍ ഗില്ലിനും സംഘത്തിനും സാധിച്ചാല്‍ തോല്‍വി വഴങ്ങാതെ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങാം.
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേകബ് ബേഥല്‍, ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്.
Content Highlight: IND vs ENG: Ben Stokes ruled out from 5th Test