ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. അതേസമയം, പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയത്.
സായ് 151 പന്തില്‍ 61 റണ്‍സും ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് പോകാതെ തടഞ്ഞത്. 24 ഓവര്‍ പന്തെറിഞ്ഞ താരം 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരുടെ വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്. കരിയറിലെ അഞ്ചാം ഫൈഫറാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഇത് രണ്ടാം തവണയാണ് സ്‌റ്റോക്‌സ് അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് സ്‌റ്റേക്‌സ് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് സ്റ്റോക്സ്.
(താരം – ടീം – എതിരാളികള്‍ -ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
റിച്ചി ബെനൗഡ് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 6/70 – 1961
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് – 5/66 – 2008
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – ഇംഗ്ലണ്ട് – 5/121 – 2010
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – ഇന്ത്യ – 5/72 – 2025*
മത്സരത്തില്‍ സ്‌റ്റോക്‌സിന് പുറമെ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷബ് പന്തിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ക്രിസ് വോക്‌സും ലിയാം ഡോവ്‌സണുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 69 എന്ന നിലയിലാണ്. 39 പന്തില്‍ 41 റണ്‍സുമായി ബെന്‍ ഡക്കറ്റും 40 പന്തില്‍ 27 റണ്‍സുമായി സാക്ക് ക്രോളിയുമാണ് ക്രീസില്‍.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ലിയാം ഡോവ്സണ്‍, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Content Highlight: IND vs ENG: Ben Stokes becomes 1st England captains to complete 5 wicket haul in Test