| Tuesday, 24th June 2025, 5:51 pm

ഇംഗ്ലണ്ടിന് കരുത്തായി ഡക്കറ്റ്; ജെയ്‌സ്വാളിനെ വെട്ടി സൂപ്പർ നേട്ടത്തിൽ തലപ്പത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരിക്കുന്നത്.

നിലവിൽ 30 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റുകൾ ഒന്നും നഷ്ടമാവാതെ 117 റൺസ് എന്ന ശക്തമായ നിലയിലാണ്. 69 ഓവറുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 263 റൺസ് കൂടെ നേടേണ്ടതുണ്ട്. സാക്ക് ക്രോളിയും ബെൻ ഡക്കറ്റുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് ബെൻ ഡക്കറ്റ് ഇംഗ്ലണ്ട് പടയെ മുന്നോട്ട് നയിക്കുന്നത്. മത്സരത്തിലെ അർധ സെഞ്ച്വറി പ്രകടനത്തോടെ ഒരു സൂപ്പർ നേട്ടവും താരത്തിന് സ്വന്തമാക്കാനായി. 2022 ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന ഓപ്പണർ ആവാനാണ് താരത്തിന് സാധിച്ചത്. ഇന്ത്യൻ താരം യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

2022 ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടിയ താരം, എണ്ണം

ബെൻ ഡക്കറ്റ് – 18

യശസ്വി ജെയ്‌സ്വാൾ – 15

സാക്ക് ക്രോളി – 13

ഉസ്മാൻ ഖവാജ – 13

ദിമുത് കരുണരത്‌നെ – 10

നിലവിൽ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ബെൻ ഡക്കറ്റ് 89 പന്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. 45.16 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന താരം നാല് ഫോറുകളാണ് നേടിയത്. ഒപ്പം സാക്ക് ക്രോളിയും മികച്ച രീതിയിൽ താരത്തിന് പിന്തുണ നൽകുന്നുണ്ട്. 92 പന്തിൽ 42 റൺസുമായാണ് താരം ബാറ്റ് ചെയ്യുന്നത്.

നേരത്ത, ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇരുവരും സെഞ്ച്വറി നേടിയായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Content Highlight: Ind vs Eng: Ben Duckett became the opener who score most 50+ score in Test Cricket since 2022

We use cookies to give you the best possible experience. Learn more