ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. ഇന്ത്യ ഉയർത്തിയ 371 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്.
നിലവിൽ 52 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തിട്ടുണ്ട്. ഓപ്പണരായ സാക്ക് ക്രോളിയുടെയും വൺ ഡൗണായി ഇറങ്ങിയ ഒല്ലി പോപ്പിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇരുവരുടെയും വിക്കറ്റുകൾ വീഴ്ത്തിയത് പ്രസീദ്ധ് കൃഷ്ണയാണ്.
മത്സരത്തിൽ അർധ സെഞ്ച്വറി നേടി ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയാണ് ക്രോളി മടങ്ങിയത്. 126 പന്തുകൾ നേരിട്ട് 65 റൺസാണ് താരം നേടിയത്. വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന് ക്യാച്ച് നൽകിയാണ് താരത്തിന്റെ മടക്കം. പിന്നാലെ ഇറങ്ങിയ പോപ്പ് എട്ട് പന്തുകൾ നേരിട്ട് എട്ട് റൺസ് നേടിയതിന് പിന്നാലെ പ്രസീദ്ധിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.
ഓപ്പണറായ ബെൻ ഡക്കറ്റും ജോ റൂട്ടുമാണ് നിലവിൽ ക്രീസിലുള്ളത്. ഡക്കറ്റ് 158 പന്തിൽ 143 റൺസ് നേടിയാണ് ക്രീസിൽ തുടരുന്നത്. റൂട്ട് 23 പന്തിൽ 11 റൺസും നേടിയിട്ടുണ്ട്.
നേരത്തെ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ചേർന്ന് ഓപ്പണിങ്ങിൽ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയിരുന്നത്. ഇരുവരും ചേർന്ന് 188 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ കൂട്ട്കെട്ട് ഇരുവർക്കും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്ര ബുക്കിൽ ഇടം നേടി കൊടുത്തു. നാലാം ഇന്നിങ്സിൽ അഞ്ചാമത്തെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഇന്ത്യക്കെതിരെ നേടിയത്.
(സ്കോർ – ജോഡി – എതിരാളി – വേദി – വർഷം എന്നീ ക്രമത്തിൽ)
250* – ഗോർഡൻ ഗ്രീനിഡ്ജ് & ഡെസ്മണ്ട് ഹെയ്ൻസ് -ഓസ്ട്രേലിയ – ഗയാന – 1984
213 – സുനിൽ ഗവാസ്കർ & ചേതൻ ചൗഹാൻ – ഇംഗ്ലണ്ട് – ദി ഓവൽ – 1979
208 – മൈക്കൽ സ്ലേറ്റർ & മാർക്ക് ടെയ്‌ലർ – ഇംഗ്ലണ്ട് -സിഡ്‌നി -1995
203 – മൈക്കൽ ആതർട്ടൺ & ഗ്രഹാം ഗൂച്ച് – ഓസ്ട്രേലിയ, അഡലെയ്ഡ്, 1991
188 – സാക്ക് ക്രാളി & ബെൻ ഡക്കറ്റ് – ഇന്ത്യ -ലീഡ്സ് – 2025*
ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.
സെഞ്ച്വറി പൂർത്തിയാക്കിയാണ് രാഹുൽ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സിൽ 42 റൺസിന് പുറത്തായ രാഹുൽ രണ്ടാം ഇന്നിങ്‌സിൽ 247 പന്ത് നേരിട്ട് 18 ഫോറുകൾ അടക്കം 137 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. ബ്രൈഡൻ കാഴ്‌സിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു താരം.
റിഷബ് പന്തും ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. 140 പന്ത് നേരിട്ട് 118 റൺസാണ് പന്ത് രണ്ടാം ഇന്നിങ്‌സിൽ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്സിലും ഇന്ത്യയ്ക്കായി താരം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
മറ്റാർക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ലായിരുന്നു. മധ്യ നിരയിൽ കരുൺ നായരും (20 റൺസ്) ഷാർദുൽ താക്കൂറും (4 റൺസ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലർത്താൻ സാധിക്കാതെയാണ് മടങ്ങിയത്. പിന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റൺസിനാണ് മടങ്ങിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡൻ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീർ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സിൽ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
Content Highlight: Ind vs Eng: Ben Duckett and Zak Crawley registers fifth highest opening partnership in fourth innings in a test