| Wednesday, 15th July 2026, 9:06 am

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട അക്സര്‍ താണ്ഡവം; ഇനി ഇവന്റെ സ്ഥാനം സച്ചിനടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം!

ഫസീഹ പി.സി.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ സംഘത്തിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1 – 0ന് മുന്നിലെത്തി.

മത്സരത്തില്‍ ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം പന്ത് കൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ത്ത ഓള്‍റൗണ്ടര്‍ ബാറ്റിങ്ങിലും കരുത്തുകാട്ടി. ആദ്യ ഏകദിനത്തില്‍ 9.5 ഓവര്‍ എറിഞ്ഞ് താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 6.31 എക്കോണമിയില്‍ പന്തെറിഞ്ഞ് 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

ഇതിന് പുറമെ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറിയും അക്സര്‍ നേടി. 52 പന്തുകള്‍ നേരിട്ട താരം 57 റണ്‍സുമായി പുറത്താവാതെ നിന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. ഒരു സിക്സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അക്‌സർ പട്ടേൽ. Photo: BCCI/x.com

ഈ പ്രകടനത്തോടെ ഒരു എലീറ്റ് ലിസ്റ്റിലും അക്സര്‍ തന്റെ പേര് ചേര്‍ത്തു. ഒരു ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 50+ റണ്‍സും നാലില്‍ കൂടുതല്‍ വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലേക്കാണ് ഓള്‍റൗണ്ടറുടെ എന്‍ട്രി. ആറാമനായാണ് താരം ഈ ലിസ്റ്റിന്റെ ഭാഗമായത്.

ക്രിസ് ശ്രീകാന്താണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. ഇത് 1988ല്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു. പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഹര്‍ദിക് പാണ്ഡ്യയും ഓരോ തവണയും സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവര്‍ ഈ നേട്ടം രണ്ട് തവണയും ആവര്‍ത്തിച്ചു.

ഒരു ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 50+ റണ്‍സും 4+ വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍

(വര്‍ഷം – താരം – എതിരാളി – പ്രകടനം എന്നീ ക്രമത്തില്‍)

1988 – ക്രിസ് ശ്രീകാന്ത് – ന്യൂസിലാന്‍ഡ് – 70 & 5 /27

1998 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഓസ്‌ട്രേലിയ – 141 & 4/38)

1999 – സൗരവ് ഗാംഗുലി – ശ്രീലങ്ക – 130* & 4/21

2000 – സൗരവ് ഗാംഗുലി – സിംബാബ്വെ – 71* & 5/34

2008 – യുവരാജ് സിങ് – ഇംഗ്ലണ്ട് – 118 & 4/28)

2011 – യുവരാജ് സിങ് – ഇംഗ്ലണ്ട് – 50* & 5/31

2022 – ഹര്‍ദിക് പാണ്ഡ്യ – ഇംഗ്ലണ്ട് – 71 & 4/24

2026 – അക്സര്‍ പട്ടേല്‍ – ഇംഗ്ലണ്ട് – 54* & 4/62

അതേസമയം, അക്‌സറിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളുമെടുത്തു. ഒപ്പം ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുവശത്ത് ജോ റൂട്ട് 76 പന്തില്‍ പുറത്താകാതെ 76 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ലിയാം ഡോവ്‌സണ്‍ (83 പന്തില്‍ 68), ബെന്‍ ഡക്കറ്റ് (45 പന്തില്‍ 43) എന്നിവര്‍ സംഭാവന ചെയ്തു.

ഇന്ത്യന്‍ നിരയില്‍ അക്‌സറിന് പുറമെ ശുഭ്മന്‍ ഗില്‍ (75 പന്തില്‍ 80), വാഷിങ്ടണ്‍ സുന്ദര്‍ (63 പന്തില്‍ 52) എന്നിവര്‍ തിളങ്ങി. ഇവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍ 53 പന്തില്‍ 35 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

C0ntent Highlight: Ind vs Eng: Axar Patel became 6th player to take 50+ runs and 4+ wickets for India in an ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more