| Sunday, 20th July 2025, 1:52 pm

നാലാം ടെസ്റ്റിന് മുന്നോടിയായി വമ്പന്‍ നീക്കവുമായി ഇന്ത്യ; ചെന്നൈ താരം ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ജീവന്‍ മരണ പോരാട്ടത്തില്‍ മുന്നോടിയായി താരങ്ങളുടെ പരിക്ക് ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ആകാശ് ദീപ്, നാലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയിരുന്ന അര്‍ഷദീപ് സിങ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.

പരിശീലനത്തിനിടെ ഇടം കൈയ്യിന് പരിക്കേറ്റ അര്‍ഷദീപ് സിങ് നാലാം ടെസ്റ്റില്‍ നിന്ന് പുറത്തായിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൈയിലെ മുറിവിന് തുന്നലുണ്ടെന്നും പരിക്ക് മാറാന്‍ സമയമെടുക്കുമെന്നും ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണ്.

ഇപ്പോള്‍ താരത്തിന് പകരക്കാരനായി യുവതാരം അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘അര്‍ഷദീപ് സിങ്ങിന് ആഴത്തിലുള്ള മുറിവും തുന്നലുമുണ്ട്. പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് പത്ത് ദിവസമെങ്കിലും വേണം. അതിനാല്‍ കാംബോജിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്,’ ഒരു ബി.സി.സി.ഐ വൃത്തം പറഞ്ഞു.

ഹരിയാന താരമായ കംബോജ് ഇംഗ്ലണ്ട് ടെസ്റ്റിന് മുന്നോടിയായി നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ചിരുന്നു. ഇന്ത്യ എ ടീമില്‍ രണ്ട് മത്സരങ്ങളിലാണ് താരം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളത്തിലിറങ്ങിയത്. മത്സരത്തില്‍ 24 കാരന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫിയിലെ മികവായിരുന്നു കാംബോജിന് ഇന്ത്യന്‍ എ ടീമിലേക്ക് വഴി ഒരുക്കിയത്.

അതേസമയം, നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത് അര്‍ഷദീപ് സിങ്ങിന്റെ പരിക്ക് മാത്രമല്ല. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ആകാശ് ദീപിനും പരിക്കുണ്ട്. താരം നാലാം ടെസ്റ്റില്‍ ഉണ്ടാകുമോയെന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പരമ്പരയിലെ നാലാം മത്സരം ജൂലൈ 23 മുതല്‍ 27 വരെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് വേദി. ഇന്ത്യ 1 – 2ന് പിന്നിലായതിനാല്‍ ഈ മത്സരം സന്ദര്‍ശകര്‍ക്ക് ഏറെ നിര്‍ണായകമാണ്.

Content Highlight: Ind vs Eng: Anshul Kamboj added in India test squad as a cover in for Arshdeep Singh

We use cookies to give you the best possible experience. Learn more