| Wednesday, 16th July 2025, 12:42 pm

അവന്‍ അടുത്ത രണ്ട് മത്സരം കളിക്കട്ടെ; ആവശ്യവുമായി കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ട് പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുംറ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിക്കുകയുള്ളൂവെന്ന് നേരത്തെ തന്നെ കോച്ച് വ്യക്തമാക്കിയിരുന്നു.

ബുംറ ഒന്നാം ടെസ്റ്റിലും കഴിഞ്ഞ ദിവസം സമാപിച്ച മൂന്നാം ടെസ്റ്റിലും കളിച്ചിരുന്നു. ഇരു മത്സരങ്ങളിലും താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇരു കളികളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമേ ഇറങ്ങുകയുള്ളുവെന്നതിനാല്‍ താരം അടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്.

പരമ്പരയില്‍ ഇന്ത്യ പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ബുംറയുടെ സാന്നിധ്യം ടീമില്‍ ആവശ്യമുണ്ടെന്ന് കുംബ്ലെ പറയുന്നത്. അടുത്ത മത്സരം തോറ്റാല്‍ പരമ്പര നഷ്ടമാവും എന്നതിനാല്‍ ബുംറയെ കളിപ്പിക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

‘തീര്‍ച്ചയായും ഞാന്‍ അടുത്ത മത്സരം കളിക്കാന്‍ ബുംറയെ പ്രേരിപ്പിക്കും. അത് വളരെ പ്രധാനമാണ്. കാരണം, അടുത്ത മത്സരം ഇന്ത്യ തോറ്റാല്‍ പരമ്പര നഷ്ടമാകും. അതുകൊണ്ട് അവനെ അടുത്ത രണ്ട് മത്സരങ്ങളിലും കളിപ്പിക്കണം.

മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ കഴിയൂവെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വലിയ ഒരു ഇടവേളയുണ്ട്,’ കുംബ്ലെ പറഞ്ഞു.

അതേസമയം, ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനോട് 22 റണ്‍സിന്റെ തോല്‍വിയാണ് സന്ദര്‍ശകര്‍ വഴങ്ങിയത്. ഇന്ത്യയുടെ തോല്‍വിയോടെ ആതിഥേയര്‍ പരമ്പരയില്‍ 2 – 1 മുന്നിലെത്തി. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്.

Content Highlight: Ind vs Eng: Anil Kumble urges to play Jasprit Bumrah in remaining tests against England

We use cookies to give you the best possible experience. Learn more